സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തില്‍ അയോധ്യ രാമക്ഷേത്ര ട്രസ്റ്റില്‍ അഴിച്ചുപണി ഉടന്‍.  ഭക്തരുടെ വികാരങ്ങളെയും ക്ഷേത്ര സുരക്ഷയെയും ബാധിക്കുന്ന വിഷയമെന്നാണ് ആര്‍.എസ്.എസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്.   സംഭാവന വകമാറ്റിയതിലും പ്രതികളുടെ സ്വത്തിലും അന്വേഷണമാവശ്യപ്പെട്ട് പൊലീസ് ഇ.ഡിക്ക് കത്തുനല്‍കും.  പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ 15 ദിവസം കൂടി അനുവദിച്ചു.   

ആര്‍.എസ്.എസ് ക്ഷേത്രീയ പ്രചാരക് മൂന്നുദിവസം അയോധ്യയിൽ ക്യാംപ് ചെയ്താണ് സംഭാവനക്കൊള്ളയില്‍ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്.  സംഭാവനയിലെ വെട്ടിപ്പും  ക്രമക്കേടുകളും ഭക്തരുടെ വികാരങ്ങളെയും ക്ഷേത്ര സുരക്ഷയെയും ബാധിക്കുന്ന വിഷയമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.  വിശദമായ റിപ്പോര്‍ട്ട് ആർഎസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കൈമാറി.  ഇതോടെ ക്ഷേത്ര ട്രസ്ററില്‍ അഴിച്ചുപണിയുണ്ടാവുമെന്ന് ഉറപ്പായി.   ജനറല്‍ സെക്രട്ടറി ചമ്പത് റായി രാജിവച്ച സാഹചര്യത്തില്‍ പകരം മുതിര്‍ന്ന ഭാരവാഹിക്ക് ചുമതല നല്‍കും. ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍ക്കും മാറ്റമുണ്ടാകും. ക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാനായിരുന്ന നൃപേന്ദ്ര മിശ്രയെ സി.ഇ.ഓ ആയി നിയമിക്കാന്‍ ആലോചനയുണ്ട്.   ഈമാസം പത്തുമുതൽ 12 വരെ കർണാടകയിൽ ചേരുന്ന ആർഎസ്എസ്  പ്രാന്ത് പ്രചാരക് യോഗത്തിലും വിഷയം ചർച്ചചെയ്യും.  30 വർഷമായി അയോധ്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ബിജെപിയും ആർ.എസ്.എസും മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്തെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 

നേരിട്ടുള്ള പണമിടപാടുകൾ കുറക്കാനും ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാനുമായി ക്ഷേത്രത്തില്‍ കൂടുതൽ QR കോഡുകള്‍ സ്ഥാപിക്കും.  പണം എണ്ണാൻ സ്ഥിര ജീവനക്കാരെ നിയമിക്കാനും  താൽക്കാലിക ജീവാനക്കാരെ പ്രസാദ വിതരണം, തിരക്ക് നിയന്ത്രണം, പാചകം എന്നിവയിലേക്ക് മാറ്റി നിയോഗിക്കാനും തീരുമാനിച്ചു.  അറസ്റ്റിലായ  ആറുപേരെ നിയമിച്ച സെക്യൂരിറ്റി സർവീസ് കമ്പനി സംഭാവന കൊളളയില്‍ ബന്ധമില്ലെന്ന് വിശദീകരിച്ചു.

Ayodhya Ram Mandir Trust is set for immediate changes following a donation scam investigation: