ന്യൂഡൽഹി നഗരിയെ നടുക്കി വീണ്ടും സെപ്റ്റിക് ടാങ്ക് ദുരന്തം. ഔട്ടർ ഡൽഹിയിലെ മുംഡ്ക വ്യവസായ മേഖലയിൽ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിൽ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
സുൽത്താൻപുരി നിവാസികളായ അരുൺ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിനുള്ളിൽ ഇറങ്ങിയ ഇവർ വിഷവാതകം ശ്വസിച്ച് ബോധരഹിതരാവുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ഡൽഹി ഫയർ സർവീസിന് (DFS) ഉച്ചയ്ക്ക് 12:03-നാണ് അപകടവിവരം ലഭിക്കുന്നത്. സെപ്റ്റിക് ടാങ്കിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു എന്നായിരുന്നു സന്ദേശം. ഉടൻതന്നെ രണ്ട് രക്ഷാപ്രവർത്തക വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് അയച്ചെങ്കിലും റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
ഇതേത്തുടർന്ന്, രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ടിക്രി ഭാഗത്തുനിന്ന് എതിർദിശയിലൂടെ മറ്റൊരു വാഹനം കൂടി സംഭവസ്ഥലത്തേക്ക് എത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മൂവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.