ice-cream-buying

Image Credit : Twitter

വഴിയോരക്കച്ചവടക്കാരനില്‍ നിന്ന് ഐസ്ക്രീം വാങ്ങാന്‍ ശ്രമിക്കവെ താഴേക്ക് വീണ് യുവാവിന് പരുക്ക്. ഉത്തർപ്രദേശിലെ സോൺഭദ്ര ജില്ലയിലാണ് സംഭവം. താഴേക്ക് ഇറങ്ങാന്‍ മടിയായതിനാല്‍ മുകളില്‍ നിന്ന് തന്നെ ഐസ്ക്രീം വാങ്ങാനുളള ശ്രമമാണ് യുവാവിന് വിനയായത്. വീഴ്ചയില്‍ സാരമായ പരുക്കേറ്റ യുവാവിന്‍റെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

വീടിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നില്‍ക്കുമ്പോഴാണ് യുവാവിന് ഐസ്ക്രീം കഴിക്കാന്‍ ആഗ്രഹം തോന്നിയത്. ഉടനെ തന്നെ അതുവഴി പോകുകയായിരുന്ന വഴിയോരക്കച്ചവടക്കാരനോട് ഐസ്ക്രീം ആവശ്യപ്പെടുകയും ചെയ്തു. തനിക്ക് താഴേക്ക് വരാന്‍ മടിയാണെന്നും ബാല്‍ക്കണിയിലേക്ക് ഐസ്ക്രീം ഉയര്‍ത്തിത്തന്നാല്‍ മതിയെന്നും യുവാവ് പറഞ്ഞു. അതനുസരിച്ച് കച്ചവടക്കാരന്‍ ഐസ്ക്രീം മുകളിലേക്ക് ഉയര്‍ത്തിയെങ്കിലും അത് വാങ്ങാന്‍ ശ്രമിച്ച യുവാവ് താഴേക്ക് വീഴുകയുമായിരുന്നു. 

സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സൈബറിടത്ത് വ്യപകമായി പ്രചരിക്കുന്നത്. യുവാവിനെ ഉടന്‍ തന്നെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്കുകളുളളതിനാല്‍ ചികില്‍സയില്‍ തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

A youth was injured after falling while trying to buy ice cream from a roadside vendor. The incident occurred in Sonbhadra district, Uttar Pradesh, when the youth attempted to purchase the treat from his first-floor balcony, leading to a severe fall.