മോദിയുടെ പുതിയ തട്ടിപ്പ് മാതൃകയാണ് പുണ്യഭൂമികളിലെ അഴിമതിയെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്വാരി മനോരമ ന്യൂസിനോട്. അഴിമതി മുക്തഭരണം മോദിയുടെ വാക്കുകളില്‍ മാത്രമാണെന്നും ഇത്രത്തോളം അഴിമതി നിറഞ്ഞ മറ്റൊരു സർക്കാരില്ലെന്നും ജിത്തു പട്വാരി ആരോപിച്ചു. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ രാജിയും സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണവുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.
അയോധ്യയും ഉജ്ജയിനും മഹാകാലും.. പുണ്യഭൂമികളിലെ അഴിമതികള്‍ ഓരോന്നായി പുറത്ത് വരുമ്പോള്‍ മോദിക്കെതിരെ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. അഴിമതിക്കഥകള്‍ സംസ്ഥാന വിഷയങ്ങളാക്കി ഒതുക്കാനാവില്ലെന്നും രാജ്യത്തെ ബാധിക്കുന്ന ഗൗരവതരമായ വിഷയങ്ങളാനെന്നും കോണ്‍ഗ്രസ്. പുണ്യസ്ഥലങ്ങളിലെ തട്ടിപ്പ് അഴിമതിയിലെ പുതിയ മോദി മാതൃക എന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്വാരി.
ഉജ്ജെയിനിലെ 168 ഏക്കർ അനധികൃത ഭൂമി ഇടപാട് വ്യക്തമായതിനാൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രാജിവയ്ക്കണം. അഴിമതിയില്‍ ബിജെപിക്കും ആര്‍എസ്എസിനും പങ്കുണ്ടെന്നും സത്യം പുറത്ത് വരാന്‍ സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും കോണ്‍ഗ്രസ്.
മധ്യപ്രദേശില്‍ ആറ് വകുപ്പുകൾ ഉൾപ്പെട്ട 'ട്രാൻസ്ഫർ ഇൻഡസ്ട്രി'യുമായി ബന്ധപ്പെട്ട് ആയിരം കോടിയുടെ അഴിമതിയും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. ഉജ്ജയിനിലെ 500 കോടി വിലമതിക്കുന്ന ഭൂമി ഒരു ട്രസ്റ്റിന് ഒരു രൂപയ്ക്ക് നൽകിയെന്ന ആരോപണവും ഉണ്ട്.. ഇതിന്‍റെ ട്രസ്റ്റി ശ്രീറാം , മോഹൻ യാദവിന്റെ സാംസ്കാരിക ഉപദേഷ്ടാവാണെന്നും കോണ്‍ഗ്രസ് പറയുന്നു..