സിന്ധുനദീതട നാഗരികതയുടെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് 'ഡാൻസിങ് ഗേൾ' വെങ്കല ശില്പം. മോഹന്‍ജെദാരോയില്‍ നിന്ന് കണ്ടെത്തിയ 4500 വർഷം പഴക്കമുള്ള ശില്പത്തിന് 4 ഇഞ്ചാണ് ഉയരം. മുടി കെട്ടി വളകളും ബ്രേസ്‌ലെറ്റും നെക്ലേസും അണിഞ്ഞ നഗ്നമേനിയോട് കൂടിയ ഒരു പെൺകുട്ടി, ഇതാണ് ശില്പം. ആത്മവിശ്വാസം നിറഞ്ഞ പെണ്‍കുട്ടിയുടെ നിൽപ്പും കരകൗശലവിദ്യയുടെ സങ്കീർണ്ണതയും ശില്പത്തെ ഹാരപ്പൻ നാഗരികതയുടെ നിർവചിക്കുന്ന പ്രതീകങ്ങളിലൊന്നാക്കി മാറ്റി.
നാഗരികതയുടെ വികസിതമായ ലോഹശാസ്ത്ര വിജ്ഞാനത്തിന്റെ തെളിവായാണ് പുരാവസ്തു ഗവേഷകർ ശില്പത്തെ കണക്കാക്കുന്നത്. ഡൽഹി നാഷണൽ മ്യൂസിയത്തിലാണ് ശില്പം സൂക്ഷിച്ചിരിക്കുന്നത്. സിന്ധുനദീതട നാഗരികതയും ഡാൻസിങ് ഗേൾ ശില്പവും രാജ്യത്തെ വിവിധ പാഠ്യപദ്ധതികളില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ എന്‍സിഇആര്‍ടി ഒന്‍പതാം ക്ലാസ് പാഠ്യപുസ്തകത്തിലെ ഡാൻസിങ് ഗേളിനെ ചൊല്ലിയുള്ള പുതിയ വിവാദങ്ങൾ വിദ്യാഭ്യാസ - ചരിത്ര ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
എന്താണ് വിവാദം?
എൻ.സി.ഇ.ആർ.ടി ഒൻപതാം ക്ലാസില്‍ പുറത്തിറക്കിയ കലാവിദ്യാഭ്യാസ പാഠപുസ്തകം 'മധുരിമ'യിലെ ഡാന്‍സിങ് ഗേള്‍ ശില്പത്തിന്റെ ചിത്രമാണ് വിവാദമായിരിക്കുന്നത്.
ശില്പത്തിന്റെ മാറ്റം വരുത്തിയ ചിത്രമാണ് പുസ്തകത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. യഥാർത്ഥ ശിൽപത്തിന്റെ ചിത്രങ്ങളിൽ കാണാൻ കഴിയുന്ന ശരീരഘടന അവ്യക്തമാക്കിക്കൊണ്ട് തോള്‍ മുതല്‍ കാല്‍ വരെ മറച്ചിരിക്കുന്നു. ചിത്രം നല്‍കിയിരിക്കുന്നതോ വളരെ ചെറുതായി. നഗ്നമായ ചിത്രം വിദ്യാര്‍ഥികളുടെ പ്രായത്തിന് അനുയോജ്യമല്ല എന്നായിരുന്നു കാരണമായി എന്‍സിഇആര്‍ടി പറഞ്ഞത്.
കഴിഞ്ഞ 25 വർഷത്തിനിടെ ആദ്യമായാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ശിൽപത്തിന്റെ ചിത്രം ഇത്തരത്തിൽ നല്‍കുന്നത്. മുൻ വിദ്യാഭ്യാസ മന്ത്രി മുരളി മനോഹർ ജോഷിയുടെ കാലത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽപ്പോലും യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. ഒൻപതാം ക്ലാസിലെ പുസ്തകത്തിൽ ശിൽപത്തിന്റെ ഉടൽ മറച്ചപ്പോൾ, ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിൽ യാതൊരു മാറ്റവുമില്ലാതെ യഥാർത്ഥ ചിത്രം തന്നെ നൽകിയിരിക്കുന്നു.
വ്യാജ പുരാവസ്തു സൃഷ്ടിക്കലോ?
ഉടല്‍ മറച്ചുള്ള ഡാന്‍സിങ് ഗേള്‍ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. നിരവധി ചരിത്രകാരന്‍മാര്‍ എന്‍സിഇആര്‍ടിക്ക് എതിരെ പരസ്യമായി രംഗത്തെത്തി.
ഇതൊരു സെൻസർഷിപ്പും വ്യാജ പുരാവസ്തു സൃഷ്ടിക്കലുമാണെന്ന് പാഠപുസ്തക സമിതി അംഗവും പ്രമുഖ ചരിത്രകാരനുമായ മിഷേൽ ഡാനിനോ പ്രതികരിച്ചു. സദാചാരബോധം മാറ്റിവച്ച് യഥാര്‍ത്ഥ ചരിത്രം കണ്ടെത്തലുകള്‍ നിരത്തി വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നായിരുന്നു ഉയര്‍ന്ന എതിര്‍പ്പികളിലെ പൊതുആവശ്യം.
യു ടേണ്‍ എടുത്ത് എന്‍സിഇആര്‍ടി
ചിത്രത്തിൽ മാറ്റം വരുത്തിയതിന് പ്രത്യേകിച്ച് ഒരു കാരണവുമില്ലെന്നായിരുന്നു എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനിയുടെ ആദ്യ പ്രതികരണം. ചരിത്രകാരന്മാരിൽ നിന്നും മാധ്യമങ്ങളിലും കടുത്ത വിമർശനം ഉയർന്നതോടെ പ്രതികരണം മാറി. എൻ.സി.ഇ.ആർ.ടി തീരുമാനം തിരുത്താൻ നിർബന്ധിതരായി. മാസ്ക് ചെയ്ത ചിത്രം മാറ്റി യഥാര്‍ത്ഥ ചിത്രം കൊണ്ട് വരാനാന്‍ തീരുമാനിച്ചു. ഡിജിറ്റൽ പതിപ്പുകളില്‍ ഉടന്‍ യഥാര്‍ത്ഥ ചിത്രം ഉള്‍പെടുത്തും. പുതിയ അച്ചടിപ്പതിപ്പുകളിലും ഉടൽ മറയ്ക്കാത്ത യഥാർത്ഥ ചിത്രം തന്നെ പുനഃസ്ഥാപിക്കുമെന്നും എൻ.സി.ഇ.ആർ.ടി വ്യക്തമാക്കി.