Image: X (USAndIndia & zoo_bear)

ഡൽഹിയിൽ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്ററുകൾ കീറിയെറിഞ്ഞ് ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം. ഹോർമുസ് കടലിടുക്കിൽ ഒമാന്‍ തീരത്തോട് ചേര്‍ന്ന് ഇന്ത്യൻ ജീവനക്കാരുള്ള ചരക്കുകപ്പലുകള്‍ക്കുനേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ട്രംപിന്‍റെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞത്. ട്രംപിന്റെ ചിത്രമുള്ള ബാനറുകളും പോസ്റ്ററുകളും ഓട്ടോറിക്ഷാ തൊഴിലാളികൾ കൂട്ടത്തോടെ കീറിയെറിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

യുഎസിന്‍റെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഡല്‍ഹിയിലെ നൂറുകണക്കിന് ഓട്ടോറിക്ഷകളില്‍ ഡല്‍ഹിയിലെ യുഎസ് എംബസി മുന്‍കയ്യെടുത്ത് ട്രംപിന്‍റെ ചിത്രവും അമേരിക്കന്‍ പതാകയുമുള്ള പോസ്റ്ററുകള്‍ പതിപ്പിച്ചത്. അന്ന് ഈ ദൃശ്യങ്ങളടക്കം യുഎസ് എംബസി പങ്കുവച്ചിരുന്നു. എന്നാല്‍, നാവികരുടെ മരണവിവരം അറിഞ്ഞതിന് പിന്നാലെയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പോസ്റ്ററുകള്‍ കീറിയത്.

കഴിഞ്ഞ ഏപ്രിലില്‍ യുഎസ് അംബാസഡർ സെർജിയോ ഗോറാണ് ഡൽഹിയിലെ ഓട്ടോറിക്ഷകളില്‍ യുഎസ് പോസ്റ്റര്‍ പതിപ്പിക്കുന്ന ക്യംപെയ്ന് തുടക്കം കുറിച്ചത്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായും യുഎസ് സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായുമാണ് ‘ഹാപ്പി ബർത്ത്ഡേ അമേരിക്ക’,  ‘250 വർഷം’ എന്നീ വാചകങ്ങള്‍ അടങ്ങിയ ട്രംപിന്‍റെ ചിത്രമുള്ള പോസ്റ്ററുകള്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിച്ചത്. പോസ്റ്ററുകള്‍ കീറിയെറിയുക മാത്രമല്ല, യുഎസിനെതിരായ പ്രതിഷേധം അറിയിച്ചതിനും ശേഷമാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടങ്ങിയത്.

അതേസമയം, ഇന്ത്യന്‍ നാവികരുടെ മരണത്തോടെ ഇന്ത്യ– യുഎസ് ബന്ധം ഉലച്ചില്‍ നേരിടുന്നുണ്ട്. രണ്ട് തവണ യുഎസിന്‍റെ നയതന്ത്രസ്ഥാനിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ ഫോണിലും സംസാരിച്ചു. എന്നാല്‍, ഈ ഫോണ്‍ സംഭാഷണത്തില്‍ നിലപാടില്‍ അയവില്ലെന്നാണ് റൂബിയോ പ്രതികരിച്ചത്. ഇറാനില്‍നിന്നുള്ള എണ്ണകടത്തല്‍ തടയാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടും അനുശോചനം രേഖപ്പെടുത്താന്‍ പോലും യുഎസ് ഇതുവരെ തയാറായിട്ടില്ല. ഇതോടെ, സമൂഹമാധ്യമങ്ങളിലടക്കം യുഎസ് വിരുദ്ധത നിറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിച്ച് ഡല്‍ഹിയിലെ ഓട്ടോക്കാര്‍ ട്രംപിന്‍റെയും യുഎസിന്‍റെയും പോസ്റ്ററുകള്‍ കീറിയെറിഞ്ഞത്.

ENGLISH SUMMARY:

Scores of auto-rickshaw drivers in New Delhi staged a fierce protest by tearing down promotional posters featuring US President Donald Trump from their vehicles. The public outburst was triggered by news of a recent US military strike near the Strait of Hormuz, which tragically resulted in the deaths of three Indian sailors aboard a commercial cargo ship. Ironically, these very posters had been plastered on hundreds of capital autos just months prior as part of a major public relations campaign launched by US Ambassador Sergio Gor to mark America's 250th Independence Anniversary. Viral videos circulating across social media platforms show angry transport workers systematically ripping apart the promotional banners that prominently displayed the words "Happy Birthday America." This grassroots demonstration comes amid rapidly escalating diplomatic tensions between New Delhi and Washington, marked by India twice summoning the US envoy to register a severe formal protest. Despite a tense phone conversation between External Affairs Minister S. Jaishankar and US State Secretary Marco Rubio, Washington has notably refused to issue an apology, maintaining that its aggressive naval operations against Iranian oil smuggling will continue unabated.