നരേന്ദ്ര മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച് ഡല്‍ഹിയില്‍ വന്‍ പ്രതിഷേധത്തിന് കോക്രോച്ച് ജനതാപാര്‍ട്ടി. സി.ബി.എസ്.ഇ, നീറ്റ് പരീക്ഷാനടത്തിപ്പിലെ വീഴ്ചകള്‍ക്ക് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പാര്‍ട്ടിസ്ഥാപകന്‍ അഭിജിത് ദീപ്കെ യു.എസില്‍നിന്ന് ഡല്‍ഹിയിലെത്തി. എന്നാല്‍ ദീപ്കെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ വൈകുന്നു. അഭിജിത്തില്‍ നിന്ന് പൊലീസ് വിവരം ശേഖരിക്കുന്നു. എല്ലാവരെയും ജന്തര്‍ മന്തറില്‍ കാണാമെന്ന് ദീപ്കെ അറിയിച്ചു.
ഡല്‍ഹി വിമാനത്താവളത്തിലും പാര്‍ലമെന്റ് സ്ട്രീറ്റിലും ജന്തര്‍മന്തറിലും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് സുരക്ഷയും കൂട്ടിയിട്ടുണ്ട്. നിയന്ത്രിത പ്രതിഷേധത്തിന് അനുവാദം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. സുരക്ഷയ്ക്കായി ന്യൂഡല്‍ഹി ജില്ലയെ 12 സോണുകളായി തിരിച്ച് 2000 പൊലീസുകാരെ പ്രത്യേകം വിന്യസിച്ചു.