Ai Generated Image
കുടുംബത്തോടൊപ്പം വിനോദയാത്രക്കെത്തിയ അഞ്ചുവയസുകാരിക്ക് ടോയ് ട്രെയിനിൽ നിന്നും വീണ് ദാരുണാന്ത്യം. രാജസ്ഥാനിലെ ജോധ്പൂരിലുള്ള മണ്ഡോർ ഗാർഡനിലാണ് ടോയ് ട്രെയിനിന്‍റെ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട് അനയ്‌റ മരിച്ചത്. ട്രെയിന്‍ ഓടിച്ചിരുന്ന ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് ഒരു കുടുംബത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം നടന്നത്. കുടുംബത്തോടൊപ്പം തന്നെയാണ് ടോയ് ട്രെയിന്‍ യാത്ര ആസ്വദിക്കാന്‍ അഞ്ചുവയസുകാരി അനയ്റയും ട്രെയിനില്‍ കയറിയത്. അമ്മയ്ക്കൊപ്പമാണ് കുട്ടി ഇരുന്നതും. എന്നാല്‍ യാത്രയ്ക്കിടെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ഇടുകയും കുട്ടി ട്രെയിനിന് പുറത്തേക്ക് തെറിച്ച് വീഴുകയും ചെയ്തു.
കുട്ടി വീണപാടെ മാതാപിതാക്കളും ബന്ധുക്കളും ഡ്രൈവറോട് ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിനുളളില്‍ തന്നെ ട്രെയിനിന്‍റെ ചക്രങ്ങള്‍ കുട്ടിയുടെ കഴുത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അനയ്റയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ബന്ധുവായ യുവതിക്കും പരുക്കേറ്റു. ടോയ് ട്രെയിനിന്‍റെ സുരക്ഷയെ കുറിച്ച് കയറുന്നതിന് മുന്‍പേ ആശങ്ക പ്രകടിപ്പിച്ചിരുന്നെന്നും ജീവനക്കാർ ഉറപ്പ് നൽകിയതിനാലാണ് കയറിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ട്രെയിൻ ഓപ്പറേറ്റർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.