നോയിഡയിൽ നിന്ന് ഡൽഹിയിലേക്കുള്ള ടാക്സി യാത്രയ്ക്കിടെ നേരിട്ട അപകടകരമായ അനുഭവം പങ്കുവെച്ച് യാത്രക്കാരൻ. എക്സിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ആപ്പ് അധിഷ്ഠിത ടാക്സി സർവീസുകളിലെ യാത്രക്കാരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾക്കും പോസ്റ്റ് വഴിവെച്ചിരിക്കുകയാണ്.
ഹൈവേയിലൂടെ അതിവേഗത്തിൽ വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോണിൽ ജനപ്രിയ സിറ്റ്‌കോം പരമ്പരയായ 'താരക് മേത്ത കാ ഊൽട്ടാ ചഷ്മ' കാണുകയായിരുന്നുവെന്നാണ് യാത്രക്കാരന്‍റെ ആരോപണം. ഡാഷ് ബോർഡിന് സമീപം സ്ഥാപിച്ച ഫോണിൽ വിഡിയോ പ്ലേ ചെയ്തുകൊണ്ടായിരുന്നു ഡ്രൈവിങ്
ഡ്രൈവറോട് ഫോൺ ഓഫ് ചെയ്ത് റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും, പരാതിയുണ്ടെങ്കിൽ വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോകാമെന്നായിരുന്നു മറുപടിയെന്ന് യാത്രക്കാരൻ പറയുന്നു. കുടുംബത്തോടൊപ്പം കടുത്ത ചൂടിൽ തിരക്കേറിയ ഹൈവേയിൽ കുടുങ്ങിപ്പോകാനുള്ള സാഹചര്യം ഉണ്ടായതിനാൽ കൂടുതൽ തർക്കങ്ങൾക്ക് നിൽക്കാതെ യാത്ര തുടരേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കി.
'ഭയ്യാ, ദയവായി സ്ക്രീൻ ഓഫ് ചെയ്ത് ഡ്രൈവിങ്ങിൽ ശ്രദ്ധിക്കൂ എന്ന് ഞാൻ മാന്യമായി പറഞ്ഞു. എന്നാൽ പ്രശ്നമാണെങ്കിൽ വണ്ടിയിൽ നിന്ന് ഇറങ്ങിക്കോളൂ എന്നായിരുന്നു മറുപടി. 45 ഡിഗ്രി ചൂടിൽ കുടുംബത്തോടൊപ്പം ഹൈവേയുടെ നടുവിൽ ഒറ്റപ്പെടാനുള്ള അവസ്ഥയിലായിരുന്നു ഞങ്ങൾ. ഊബർ-ഓല പോലുള്ള സർവീസുകളിൽ നമ്മുടെ ജീവന് എന്താണ് വില?' — യാത്രക്കാരൻ എക്സിൽ കുറിച്ചു.
പോസ്റ്റിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഈ അശ്രദ്ധ യാത്രക്കാരുടെ മാത്രമല്ല, റോഡിലെ മറ്റ് വാഹനയാത്രികരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഉത്തരവാദിത്തമില്ലാത്ത ഡ്രൈവർമാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.