ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡ് തീരുമാനം വന്നു, ഡി.കെ. ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും. അടുത്തയാഴ്ച സ്ഥാനമേല്‍ക്കും. നിലവില്‍ ഉപമുഖ്യമന്ത്രിയാണ് ഡി.കെ.ശിവകുമാര്‍ . നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കും. രാജ്യസഭാ സീറ്റ് നൽകി സിദ്ധരാമയയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. മുഖ്യമന്ത്രിപദം ലഭിച്ചില്ലെങ്കിൽ എല്ലാ പദവികളും ഒഴിവാക്കുന്നത് അടക്കമുള്ള നടപടികൾ ആലോചനയിൽ ഉണ്ടെന്ന് ഡികെ ശിവകുമാറിനെ അനുകൂലിക്കുന്നവർ പറഞ്ഞിരുന്നു. ജൂണിൽ രാജ്യസഭാ കാലാവധി അവസാനിക്കുന്ന പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെ പേരും ചർച്ചകളിൽ സജീവമായിരുന്നു.

 

സിദ്ധരാമയ്യ സർക്കാർ ഈ മാസം 3 വർഷം പൂർത്തിയാക്കിയിരുന്നു. 2023 മേയ് 20നാണു സിദ്ധരാമയ്യ അധികാരത്തിലേറിയത്. മുൻധാരണ പ്രകാരമാണ് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനു മുഖ്യമന്ത്രിസ്ഥാനം കൈമാറിയത്. അധികാരത്തർക്കത്തിനു ചർച്ചയിലൂടെ പരിഹാരം കണ്ടെത്താനായി, ഇരു നേതാക്കളെയും കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിക്കുകയായിരുന്നു. മന്ത്രി കെ.ജെ.ജോർജിന്റെ വസതിയിലേക്ക് ഇവരെ വിളിപ്പിച്ചു എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച നടത്തിയിരുന്നു. 

 

കേരളത്തിലെ സത്യപ്രതിജ്ഞ കഴിഞ്ഞ് ഇവർക്കൊപ്പാണു ഖർഗെ തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലെത്തിയത്. തുടർന്നാണു ഹൈക്കമാൻഡ് ഇടപെട്ടത്. കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന നേതൃത്വ തർക്കത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് സംസ്ഥാനത്തെ എം.എൽ.എമാർ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് ചർച്ചകൾക്ക് വേഗം കൂട്ടിയത്.

ENGLISH SUMMARY:

D.K. Shivakumar will be the Karnataka Chief Minister, a decision made after marathon discussions in Delhi. He is expected to take the oath of office next week, succeeding Siddaramaiah who will reportedly resign.