air-india-flight

TOPICS COVERED

230 യാത്രക്കാരുമായി സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂറിലധികം ആകാശത്ത് പറന്ന ശേഷം ഡൽഹിയിലേക്ക് തന്നെ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

മേയ് 27-ന് ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട AI173 വിമാനമാണ്  സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിലേക്ക് തന്നെ മടങ്ങിയെത്തിയത്. ചൈനീസ് വ്യോമാതിർത്തിയിലൂടെ മൂന്ന് മണിക്കൂറിലധികം പറന്ന ശേഷമാണ് വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി വിമാനം സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എയർലൈൻ പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് തങ്ങൾ ഉയർന്ന മുൻഗണന നൽകുന്നതെന്നും എയർലൈൻ വ്യക്തമാക്കി.

യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി എയര്‍ ലൈന്‍ ബദല്‍ സംവിധാനം ചെയ്തുവരികയാണ്. യാത്രക്കാരുടെ താല്പര്യപ്രകാരം ലഘുഭക്ഷണങ്ങൾ, ഹോട്ടൽ താമസം അല്ലെങ്കിൽ ടിക്കറ്റ് പുതുക്കി നൽകൽ എന്നിവയുൾപ്പെടെയുള്ള എല്ലാ സഹായങ്ങളും ഗ്രൗണ്ട് ടീം ഉറപ്പുവരുത്തുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. കഴിഞ്ഞ മേയ് 21ന് ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ എന്‍ജിനില്‍ തീപിടിത്തമുണ്ടായിരുന്നു. ഇത് പിന്നീട് എയര്‍ ഇന്ത്യ എക്സില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Air India flight AI173, bound for San Francisco with 230 passengers, returned to Delhi after over eight hours of flight due to a technical snag. The airline confirmed the safe landing and is arranging an alternative for passengers