Image: ANI,X, @indiatoday

TAGS

പീഡനക്കേസില്‍ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി ഭാഗീരഥ് പിടിയില്‍. പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 17കാരിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി.14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണത്തിനായി മകനെ പൊലീസിനും നിയമത്തിനും കൈമാറിയതായി സഞ്ജയ് കുമാര്‍ പറയുന്നു. നിയമത്തിനു മുന്‍പില്‍ എല്ലാവരും സമന്‍മാരാണെന്നും അതാണ് മകന്‍ പൊലീസില്‍ കീഴടങ്ങിയതെന്നും കേന്ദ്രമന്ത്രി പറയുന്നു. തന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ആരോപണമെന്നായിരുന്നു നേരത്തേ മന്ത്രി പ്രതികരിച്ചിരുന്നത്. തെലങ്കാനയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയാണ് ബണ്ടി സഞ്ജയ് കുമാര്‍. 

ആരോപണം ഉയര്‍ന്ന ആദ്യഘട്ടത്തില്‍ തന്നെ മകനെ പൊലീസില്‍ ഏല്‍പ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും പിന്നീട് അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണ് വൈകിയതെന്നും മന്ത്രി പറഞ്ഞു. ജാമ്യം ലഭിക്കുമെന്ന് തന്നെയാണ് അഭിഭാഷകര്‍ പറയുന്നതെങ്കിലും വൈകിപ്പിക്കേണ്ടെന്ന് കരുതി താന്‍ തന്നെയാണ് മകനെ നിയമത്തിനു കൈമാറിയതെന്നും മന്ത്രി പറ‍ഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മകന്റെ കേസ് കേന്ദ്രമന്ത്രിക്ക് വലിയ തിരിച്ചടിയായേക്കുമെന്നാണ് സൂചനകള്‍. തെലങ്കാന ടിആര്‍എസ് പ്രസിഡന്റ് കെ.കവിത വിഷയത്തില്‍ ഇടപെടുകയും സഞ്ജയ് കുമാറിനെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് സുതാര്യമായ അന്വേഷണത്തിന് സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. 

Bandi Sanjay Kumar's Son Arrested in POCSO Case:

Bandi Sanjay Kumar's son has been arrested in a POCSO case following a lookout notice. Union Minister Bandi Sanjay Kumar stated that his son was handed over to the police and the law to ensure a transparent investigation.