Image: Manorama
തന്‍റെ പെണ്‍സുഹൃത്തിനെ പ്രേമിച്ച 20 വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചെന്ന കേസില്‍ 19 കാരന് ജാമ്യം നല്‍കി സുപ്രീം കോടതി. ബിഹാറിലെ കോളജ് വിദ്യാര്‍ഥിയായ സുധാന്‍ഷു കുമാറിനാണ് ഒരു വര്‍ഷത്തിലേറെനീണ്ട ജയില്‍വാസത്തിനുശേഷം ജാമ്യം ലഭിച്ചത്. കേസിലെ ഒന്നാം പ്രതിയാണ് വിദ്യാര്‍ഥി. രണ്ടാം പ്രതിയായ പെണ്‍സുഹൃത്തിന് നേരത്തെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.
2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ബിഹാര്‍ നവാഡ കൃഷക് കോളജില്‍ ട്യൂട്ടറായ 20 വയസുള്ള യുവാവിനെ കൊലപ്പെടുത്തി മൃതദേഹഭാഗങ്ങള്‍ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചെന്നാണ് കേസ്. പൊലീസിന്‍റെ അന്വഷണം ചെന്നെത്തിയത് ഇതേ കോളജിലെ രണ്ട് വിദ്യാര്‍ഥികളിലേക്കാണ്. ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ സുധാന്‍ഷു കുമാറും സഹപാഠി ഭവാനി കുമാരിയുമാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തി.
സുധാന്‍ഷുവും ഭവാനിയും പ്രണയത്തിലായിരുന്നു. കോളജില്‍ ട്യൂട്ടറായി എത്തിയ യുവാവിനും പെണ്‍കുട്ടിയോട് പ്രണയം തോന്നി. വിദ്യാര്‍ഥിനിക്ക് സന്ദേശങ്ങളയക്കാനും ബന്ധം സ്ഥാപിക്കാനും ശ്രമം തുടങ്ങി. ഇതറിഞ്ഞ സുധാന്‍ഷു ഒടുവില്‍ യുവാവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരുവരും ചേര്‍ന്ന് ആസൂത്രണം നടത്തിയ ശേഷമാണ് കൊലപാതകം എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഭവാനി എന്ന വ്യാജേന സുധാന്‍ഷു യുവാവിന് സന്ദേശങ്ങളയച്ച് മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച് ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഭവാനി കുമാരിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധാന്‍ഷുവിനെ 2024 നവംബർ 16-ന് അറസ്റ്റ് ചെയ്തത്. ഭവാനി കുമാരിക്ക് സുപ്രീം കോടതി 2025 ഓഗസ്റ്റില്‍ ജാമ്യം നല്‍കി. പെണ്‍കുട്ടിയെന്ന പരിഗണന നല്‍കിയായിരുന്നു ഉത്തരവ്. എന്നാല്‍ ഗുരുതര കുറ്റകൃത്യമെന്ന് ചൂണ്ടിക്കാട്ടി സുധാന്‍ഷുവിന് പട്ന ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുധാന്‍ഷു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
വിദ്യാര്‍ഥിയാണ്, ദീർഘകാലത്തെ ജയിൽവാസം വിദ്യാഭ്യാസത്തെയും ഭാവി ജീവിതത്തെയും ദോഷകരമായി ബാധിക്കും, കേസിന്റെ വിചാരണ ഉടൻ ആരംഭിക്കാനോ പൂർത്തിയാക്കാനോ സാധ്യതയില്ല, ക്രിമിനല്‍ പശ്ചാത്തലമില്ല, അനിശ്ചിതമായ തടവ് നീതിനിഷേധമാണ്, രണ്ടുപ്രതികള്‍ക്കും കേസില്‍ തുല്യപങ്കാണുള്ളതെന്നും തുല്യനീതി എന്ന തത്വപ്രകാരം തനിക്കും ജാമ്യം നല്‍കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
പ്രതിക്കായി മലയാളി അഭിഭാഷകന്‍ ശ്രീറാം പറക്കാട്ട് സുപ്രീം കോടതിയില്‍ ഹാജരായി. കേസില്‍ സഹപ്രതിയുടെ കുറ്റസമ്മത മൊഴിയിൽ മാത്രമാണ് സുധാന്‍ഷുവിന്‍റെ പേരുള്ളതെന്നും എഫ്.ഐ.ആറിലോ മറ്റു തെളിവുകളിലോ ആരോപണങ്ങളില്ലെന്നുമായിരുന്നു പ്രധാന വാദം. കുറ്റകൃത്യത്തിന്‍റെ ഗൗരവസ്വഭാവം കണക്കിലെടുക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ മൊഴിയല്ലാതെ മറ്റു തെളികളില്ലല്ലോ എന്നായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. കൊലപാതകക്കേസില്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്ന് പറയാനാകില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.