vijay-oath-video

തമിഴക മണ്ണില്‍ ഇത് ചരിത്രം. നിറഞ്ഞു കവിഞ്ഞ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജനസാഗരത്തെ സാക്ഷി നിര്‍ത്തി തമിഴക വെട്രി കഴകം നേതാവ് സി. ജോസഫ് വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇക്കാലമത്രയും ഇളയ ദളപതി വെള്ളിത്തിരയില്‍ കാണിച്ചതെന്തോ അതുക്കും മേലെയായിരുന്നു ഈ മാസ് സത്യപ്രതിജ്ഞ. സിനിമയിലെ ഡയലോഗ് ഡെലിവറിയെക്കാൾ പഞ്ചിലായിരുന്നു ആദ്യഭാഗം വിജയ് മനസ്സിൽ നിന്ന് വായിച്ചത്. ആവേശത്തോടെ അതിലേറെ നിര്‍വൃതിയോടെ, കുടുംബാംഗങ്ങളും പ്രവര്‍ത്തകരും ആരാധകരും, തമിഴ് ജനത മാത്രമല്ല ഈ സത്യപ്രതിജ്ഞ ഇന്ത്യ ഒന്നടങ്കം കണ്‍കുളിര്‍ ക്കെ കണ്ടു.

രാഷ്ട്രീയത്തില്‍ ജോസഫ് വിജയ് എതിരാളികളെ മലര്‍ത്തിയടിച്ചത് ആക്ഷന്‍ രംഗങ്ങളുടെ ചടുലതയോടെയാണ് . 'വെട്രി'യില്‍ തുടങ്ങി 'ജനനായകനി'ല്‍ എത്തിയ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട വെള്ളിത്തിരയിലെ യാത്രക്കൊടുവില്‍ വെറും മൂന്ന് വര്‍ഷം കൊണ്ടാണ് രാഷ്ട്രീയത്തില്‍ വിജയ് തമിഴകത്തിന്റെ അധിപനായത്.

പാര്‍ട്ടി രൂപീകരിച്ച് ആള്‍ക്കൂട്ടത്തിലേക്കിറങ്ങിയ ആദ്യദിനം മുതല്‍ പോരാടുകയായിരുന്നു ദളപതി. ഈ സത്യപ്രതിജ്ഞ ഒഴിവാക്കാന്‍ ഡിഎംകെ സര്‍ക്കാറും സ്റ്റാലിനും ആവുംവിധം ശ്രമിച്ചു. മാറി നില്‍ക്കാനോ തിരിഞ്ഞു നോക്കാനോ ശ്രമിക്കാതെ വെട്രി നിശ്ചയം എന്നാവര്‍ത്തിച്ച് ടിവികെ ഓരോ ചുവടും മുന്നോട്ടാഞ്ഞു. ഒടുവില്‍ ഇതാ ഈ സത്യപ്രതിജ്ഞാ വേദിയിലേക്ക്

108 സീറ്റുകളില്‍ വെന്നിക്കൊടി പാറിച്ച ടിവികെയ്ക്ക് കൂട്ടായി കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും വിസികെയും മുസ്ലിംലീഗും ഒന്നിച്ചു. ബിജെപിയ്ക്ക് കാലുകുത്താന്‍ ഇടം കൊടുക്കാതിരിക്കാന്‍ സ്റ്റാലിന്‍ തന്നെ ഇടപെട്ടുവെന്ന അഭ്യൂഹവും പരന്നു. 121 പേരുടെ സമ്മതപത്രവുമായി. വിജയ്ക്കൊപ്പം 9 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.

15 വര്‍ഷമായി വിജയ് മക്കള്‍ ഇയക്കത്തില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പുതുച്ചേരി മുന്‍ എംഎല്‍എ കൂടിയായ ബുസി ആനന്ദ് എന്നറിയപ്പെടുന്ന എന്‍. ആനന്ദ്. 1977 മുതല്‍ എംഎല്‍എയായ കെ എ സെങ്കോട്ടയ്യന്‍ 10ാം തവണ വിജയ്ക്കൊപ്പം സഭയിലേക്ക്. ജയലളിത, ഇപിഎസ് മന്ത്രിസഭകളില്‍ അംഗമായിരുന്ന സെങ്കോട്ടയ്യന്‍ 2025 നവംബറിലാണ് ടിവികെയിലെത്തിയത്.

പ്രകടന പത്രികാ തലവനും പ്രചാരണത്തില്‍ മുഖ്യനുമായിരുന്ന, ഐആര്‍എസ് വിട്ടെത്തിയ കെ.ജി അരുണ്‍ രാജ്, സാന്റിയാഗോ മാര്‍ട്ടിന്റെ മരുമകനും പാർട്ടി ജനറൽ സെക്രട്ടറിയുമായ ആദവ് അർജുന, വിസികെ പുറത്താക്കിയ ശേഷം ടിവികെയിലെത്തിയ പി.വെങ്കട്ടരമണന്‍, ആര്‍.നിര്‍മല്‍കുമാര്‍, രാജ്മോഹന്‍, ടി.കെ.പ്രഭു, ഏറ്റവും പ്രായം കുറഞ്ഞ ടിവികെ എംഎല്‍എ വിരുദുനഗര്‍ ജില്ലയില്‍ നിന്നുള്ള എസ്. കീര്‍ത്തന. എന്നിവരും മന്ത്രിസഭയിലെത്തി.

വേദിയില്‍ രാഹുല്‍ ഗാന്ധിയുടെ തൊട്ടടുത്താണ് വിജയ് ഇരുന്നത്. സംസ്ഥാനത്ത് തളര്‍ന്നു കിടക്കുന്ന കോണ്‍ഗ്രസിന് ജീവജലം നല്‍കുന്ന കാഴ്ച കൂടിയായിരുന്നു ഇത്. പതിറ്റാണ്ടുകളായി മന്ത്രിസഭ കാണാത്ത കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരെക്കൂടി ടിവികെ സര്‍ക്കാറിലൂടെ ലഭിച്ചു.

മേയ് 13നകം വിശ്വാസവോട്ട് നേടുകയാണ് ഇനി വിജയ്യുടെ മുന്നിലുള്ള കടമ്പ. ആറുപതിറ്റാണ്ടോളം നീണ്ട ഡിഎംകെ, എഐഎഡിഎംകെ ഭരണത്തിനൊടുവിലാണ് തമിഴകത്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുന്നതും അധികാരത്തിലെത്തുന്നതും. ദുര്‍ബലമാണ് ഭൂരിപക്ഷം. വെല്ലുവിളികള്‍ നിറഞ്ഞ ഭരണകാലമായിരിക്കുമോ അതോ വെള്ളിത്തിരയിലെ വെന്നിക്കൊടി പോലെ സൂപ്പര്‍സ്റ്റാര്‍ഡം നല്‍കുന്നതാകുമോ എന്നതെല്ലാം കാത്തിരുന്നു കാണാം. ഏതായാലും ദളപതിയുടെ ഇനിയുള്ള ഓരോ നീക്കവും ടിവികെയുടേയും മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടേയും ഭാവി കൂടി നിര്‍ണയിക്കുന്നതാകും എന്നതില്‍ തര്‍ക്കമില്ല.

Vijay Sworn in as Tamil Nadu Chief Minister:

C. Joseph Vijay was sworn in as the Chief Minister of Tamil Nadu, marking a historic moment at the Jawaharlal Nehru Indoor Stadium in Chennai. This significant event was witnessed by a massive crowd, solidifying Vijay's ascent to power after a remarkable political journey.