ടിവികെ തരംഗം ആഞ്ഞ് വീശിയ തമിഴ്‌നാട്ടില്‍ ഒരു വോട്ടിന് ജയിച്ച സ്ഥാനാര്‍ഥിയും. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂര്‍ മണ്ഡലത്തില്‍ ഡിഎംകെയുടെ സിറ്റിങ് സീറ്റില്‍ മുന്‍ മന്ത്രിയായ കെ.ആര്‍.പെരിയ കറുപ്പനെ ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ടിവികെ സ്ഥാനാര്‍ഥി ശ്രീനിവാസ സേതുപതി പരാജയപ്പെടുത്തിയത്. ശ്രീനിവാസ സേതുപതിക്ക് 83,375 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 83,374 വോട്ടാണ് പെരിയകറുപ്പന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി തിരുമാരനാണ് മൂന്നാം സ്ഥാനത്ത്. ഇദ്ദേഹത്തിന് 29,054 വോട്ടുകളാണ് ലഭിച്ചത്.
2006 മുതല്‍ പെരിയകറുപ്പന്‍ കയ്യടക്കി വച്ച മണ്ഡലത്തിലാണ് ഒരു വോട്ടിന്‍റെ ബലത്തില്‍ ശ്രീനിവാസ സേതുപതി വിജയിച്ചത്. പെരിയ കറുപ്പന്‍ വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ശിവഗംഗ ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് ടിവികെ വിജയം കുറിച്ചത്.
അരങ്ങേറ്റ മത്സരത്തിൽ 108 സീറ്റ് നേടിയ ടിവികെ ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും കേവല ഭൂരിപക്ഷം തികയ്ക്കാൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. 118 ആണ് തമിഴ്നാട്ടിലെ മാജിക് നമ്പർ. ഡിഎംകെ, അണ്ണാ ഡിഎംകെ മുന്നണികളിലെ ചില പാർട്ടികളെ ഒപ്പം കൂട്ടി കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തിലാണ് വിജയ്. മന്ത്രി സ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് കോൺഗ്രസിനെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നുണ്ട്. പിഎംകെ പോലുള്ള പാർട്ടികളെയും ടിവികെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നുണ്ട് എന്നാണ് വിവരം. വിജയിച്ച എംഎൽഎമാരുമായി വിജയ് ഇന്ന് ചർച്ച നടത്തിയേക്കും എന്നും റിപ്പോർട്ടുണ്ട്.