റീൽസില്‍ വൈറലാവാന്‍ ട്രെയിനിലെ സീറ്റുകൾ നശിപ്പിച്ച് യുവാക്കൾ. ട്രെയിനിന്‍റെ സീറ്റുകൾ മനഃപൂർവ്വം കീറിപറിക്കുന്ന യുവാക്കളുടെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരാള്‍ സീറ്റുകള്‍ നശിപ്പിക്കുമ്പോള്‍ മറ്റൊരാള്‍ വിഡിയോ ചിത്രീകരിക്കുകയായിരുന്നു. ചിരിച്ചുകൊണ്ടാണ് ഇരുവരും പൊതുമുതല്‍ നശിപ്പിക്കുന്നത്.
വിഡിയോയിൽ മറ്റ് രണ്ടുപേര്‍ അപകടകരമായ രീതിയില്‍ ട്രെയിനിനുള്ളിൽ തൂങ്ങിയാടുന്നതും കാണാം. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പൊതുമുതൽ ഇങ്ങനെ നശിപ്പിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ശക്തമായി പ്രതികരിക്കുകയും പ്രതികളെ ഉടൻ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആര്‍പിഎഫിനേയും, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനേയും ടാഗ് ചെയ്ത് കർശന നടപടികൾ സ്വീകരിക്കണമെന്നും വലിയ പിഴ ചുമത്തണമെന്നും ആവശ്യങ്ങൾ ഉയര്‍ന്നു.