റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ലൈംഗിക പീഡന പരാതി ഉന്നയിച്ച ആറ് വനിത ഗുസ്തി താരങ്ങളില്‍ ഒരാള്‍ താനാണെന്ന് വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നതിന് വ്യക്തമായ കാരണമുണ്ടെന്നും എക്സില്‍ പങ്കുവച്ച വിഡിയോയില്‍ വിനേഷ് പറഞ്ഞു.
മെയ് 10 മുതൽ 12 വരെ ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടക്കാനിരിക്കുന്ന ദേശീയ ഓപ്പൺ റാങ്കിംഗ് ടൂർണമെന്റിലെ മല്‍സരത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വിനേഷിന്‍റെ വെളിപ്പെടുത്തല്‍. ഈ വര്‍ഷം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള യോഗ്യത നേടുന്നതിനുള്ള നിർണായക ഘട്ടം കൂടിയാണ് ഈ ടൂർണമെന്റ്. ബ്രിജ് ഭൂഷണിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കോളജിലാണ് ഗുസ്തി ഫെഡറേഷന്‍ ട്രയൽസ് നടക്കുന്നത്. ഇത് മത്സരത്തിന്റെ സുതാര്യതയെ ബാധിക്കുമെന്ന് വിനേഷ് ആശങ്ക പ്രകടിപ്പിച്ചു.
ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് ഇന്ന് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. പരാതി നൽകിയ ആറ് ഇരകളിൽ ഒരാൾ ഞാനാണ്. ഞങ്ങളുടെ മൊഴികൾ രേഖപ്പെടുത്തുന്നത് തുടരുകയാണ്. പ്രദേശത്ത് ബ്രിജ് ഭൂഷണുള്ള സ്വാധീനം തങ്ങളുടെ സുരക്ഷയെ ബാധിക്കുമോ എന്ന് ഭയമുണ്ടെന്നും മാനസിക സമ്മര്‍ദത്തിലാണെന്നും വിനേഷ് പറഞ്ഞു.
'അയാളുടെ വീട്ടിലേക്കോ കോളേജിലേക്കോ ഞാന്‍ പോകുന്നത് ആലോചിച്ചുനോക്കൂ. എല്ലാവരും അയാളുമായി ബന്ധമുള്ളവരായിരിക്കും. ഇത്തരമൊരു സങ്കീര്‍ണ സാഹചര്യത്തില്‍ മാനസികമായി കടുത്ത സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യം മുഴുവനും ഞങ്ങളുടെ പ്രകടനം മികച്ചതാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എന്‍റെ കഴിവിന്‍റെ 100 ശതമാനവും അവിടെ പ്രകടിപ്പിക്കാാവും എന്ന് തോന്നുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിക്ക് മത്സരിക്കുകയെന്നത് പ്രയാസമാണ്. എനിക്കൊപ്പം ഒരു ടീമുണ്ട്. അവിടെവച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഈ സര്‍ക്കാരായിരിക്കും,' വിനേഷ് പറഞ്ഞു.
2023-ൽ ഡൽഹി ജന്തർ മന്തറിൽ നടന്ന ഗുസ്തി താരങ്ങളുടെ ചരിത്രപ്രധാനമായ പ്രതിഷേധങ്ങളുടെ മുൻനിരയിൽ വിനേഷുണ്ടായിരുന്നു. സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ തുടങ്ങിയ പ്രമുഖ താരങ്ങൾ ഉള്‍പ്പെടെ പങ്കെടുത്ത ഈ പ്രതിഷേധം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.