virudhunagar-fireworks-factory-1904

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്കനിർമ്മാണശാല സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. വിരുദുനഗറിനടുത്തുള്ള കാട്ടനാർപട്ടിയിലെ സ്വകാര്യ പടക്കനിർമ്മാണശാലയിൽ ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സ്ഫോടനസമയത്ത് ഏകദേശം മുപ്പതോളം ജീവനക്കാർ ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നു.

സ്ഫോടനത്തിന്റെ പ്രഹരശേഷിയിൽ പടക്കനിർമ്മാണശാലയുടെ നാല് മുറികൾ പൂർണ്ണമായും തകർന്നു വീണു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ചയായതിനാൽ ചില തൊഴിലാളികൾ കുട്ടികളുമായാണ് ജോലിക്കെത്തിയതെന്നും സൂചനകളുണ്ട്. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത വിധം ചിന്നഭിന്നമായ നിലയിലാണ് കണ്ടെടുക്കുന്നത്. അഗ്നിരക്ഷാസേന മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും പരുക്കേറ്റവർക്ക് സഹായം ഉറപ്പാക്കാനും മന്ത്രിമാരായ കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ, തങ്കം തെന്നരസു എന്നിവരോട് സംഭവസ്ഥലത്തേക്ക് പോകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജില്ലാ പൊലീസ് മേധാവി (എസ്.പി) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. സുരക്ഷാവീഴ്ച ഉണ്ടായോ എന്നും സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതിൽ അപാകതയുണ്ടോ എന്നും പരിശോധിച്ചു വരികയാണ്.

പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. കൂടുതൽ പേരെ രക്ഷപ്പെടുത്താനായി അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. സമീപത്തെ ആശുപത്രികളിൽ പരുക്കേറ്റവർക്കായി പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

ENGLISH SUMMARY:

Virudhunagar fire caused a devastating explosion at a fireworks factory in Kattanarpatti, Tamil Nadu, resulting in multiple casualties. Rescue operations are ongoing as concerns rise about potential victims still trapped within the factory premises.