വനിതാ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി രാജ്യത്തോട് നടത്തിയ അഭിസംബോധനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രസംഗം നടത്തിയെന്ന് ഇന്ത്യ മുന്നണി ആരോപിച്ചു. പ്രസംഗം പെരുമാറ്റച്ചട്ട ലംഘനം ആണെന്നു ചൂണ്ടിക്കാട്ടി പി.സന്തോഷ് കുമാര്‍ എം.പി. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. 

ഇന്നലെ പ്രധാനമന്ത്രി രാഷ്ട്രത്തോട് നടത്തിയ അഭിസംബോധന എല്ലാ അര്‍ഥത്തിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. ജനങ്ങളെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ള രാഷ്ട്രീയ പ്രസംഗം ആണ് നടത്തിയത്. ദേശീയ മാധ്യമങ്ങളായ ദൂരദര്‍ശനും സന്‍സദ് ടി.വിയും ഇതിനായി ഉപയോഗിച്ചു എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. 

തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നടപടി സ്വീകരിക്കണം എന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു. മോദിയുടെ അഭിസംബോധന ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് അനില്‍ അക്കരയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പ്രധാനമന്ത്രി നടത്തിയത് നുണകള്‍ നിറഞ്ഞ പ്രസംഗമാണെന്നും മഹിളാ കോൺഗ്രസ് യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിക്കുമെന്നും ജെബി മേത്തര്‍ എം.പി പറഞ്ഞു

അതേസമയം ബംഗാളിലെ റാലിയില്‍ വനിതാ ബില്‍ ഉയര്‍ത്തി മോദി തൃണമൂലിനെതിരെ ആഞ്ഞടിച്ചു. സ്ത്രീ ശാക്തീകരണത്തിനുള്ള ശ്രമം പാര്‍ലമെന്‍റില്‍ എങ്ങനെയാണ് തടഞ്ഞതെന്ന് എല്ലാവരും കണ്ടെന്ന് പ്രധാനമന്ത്രി ബിഷ്ണുപുരിലെ റാലിയില്‍ പറഞ്ഞു. ബംഗാളിലെ വനിതകളെ തൃണമൂല്‍ കോണ്‍ഗ്രസ് വഞ്ചിച്ചു. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയും മതാടിസ്ഥാനത്തില്‍ സംവരണം ആവശ്യപ്പെടുകയും ചെയ്യുന്ന ടി.എം.സിയാണ് വനിതാ ബില്ലിനെ എതിര്‍ത്തതെന്നും മോദി പറഞ്ഞു.

ENGLISH SUMMARY:

Prime Minister Modi's address regarding the Women's Reservation Bill has drawn strong opposition protests and allegations of a political speech violating election conduct. INDIA bloc partners have filed complaints with the Election Commission, citing the use of official media and the speech's intent to influence voters.