donald-trump-modi-tariff

TOPICS COVERED

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ 40 മിനിറ്റ് ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഊര്‍‌ജമേഖലയും ഉഭയകക്ഷി ബന്ധവുമടക്കം വന്‍ കരാറുകളില്‍ അന്തിമരൂപം നല്‍കുന്നതിന് ചര്‍ച്ച സുപ്രധാനമാകുമെന്ന് ചര്‍ച്ചയ്ക്ക് പിന്നാലെ ഇന്ത്യയിലെ യുഎസ് പ്രതിനിധി സെര്‍ജിയോ ഗോര്‍ സൂചന നല്‍കി. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയെക്കുറിച്ചും ചര്‍ച്ചയില്‍ ഇരുവരും സംസാരിച്ചെന്നാണ് ധാരണ.

തന്‍റെ ഫ്രണ്ട് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപില്‍ നിന്നും ഒരു കോള്‍ ലഭിച്ചെന്ന് മോദി എക്സിലൂടെ വ്യക്തമാക്കി. വ്യത്യസ്ത മേഖലകളില്‍ ഉഭയകക്ഷി സഹകരണത്താല്‍ നേടിയ പുരോഗതി തങ്ങള്‍ ചര്‍ച്ച ചെയ്തെന്നും എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തങ്ങള്‍ പ്രതി‍ജ്ഞാബദ്ധരാണെന്നും മോദി കുറിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചും അത് സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധന്യത്തെക്കുറിച്ചും ട്രംപ് ഊന്നിപ്പറഞ്ഞെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

ചര്‍ച്ചയ്ക്ക് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായ അടിത്തറയിലാണെന്നും ഇന്ത്യാ–യുഎസ് സാമ്പത്തിക ഇടപെടല്‍ വികസിക്കുന്നതിലേക്ക് ഇത് വഴിതുറക്കുമെന്നും യുഎസ് പ്രതിനിധിയായ സെര്‍ജിയോ ഗോര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വരും ദിവസങ്ങളില്‍ ഊര്‍ജമേഖലയുള്‍പ്പടെ ചില 'വന്‍' കരാറുകളുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ ചര്‍ച്ചയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവച്ചില്ല. 

അമേരിക്കന്‍ ഭരണകൂടം ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെന്നും ഇത് നിങ്ങള്‍ അറിയണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് ട്രംപ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചതെന്നും യുഎസ് പ്രതിനിധി പറഞ്ഞു.

ഹോര്‍മുസ് പ്രതിസന്ധിയില്‍ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്ന രാജ്യമാണ് ഇന്ത്യ.ഹോര്‍മുസിലൂടെയാണ് രാജ്യത്ത് വിതരണം ചെയ്യുന്ന 70 ശതമാനം ഇന്ധനവും കടന്നുവന്നിരുന്നത്. വിഷയത്തില്‍ ഇടപെടാന്‍ ഇന്ത്യയെ ക്ഷണിക്കുകയായിരുന്നു ട്രംപിന്‍റെ ലക്ഷ്യമെന്നാണ് ഫോണ്‍ സന്ദേശത്തിന്‍റെ ലക്ഷ്യമെന്നാണ് സൂചന.

ENGLISH SUMMARY:

Modi Trump call marked a significant discussion covering energy sector deals and bilateral relations. This conversation is expected to pave the way for strengthening the strategic partnership between India and the US, especially in light of the Hormuz Strait crisis.