samrat-chaudhary-new-bihar-cm

ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കത്തിനൊടുവിൽ ബിജെപി നേതാവ് സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയാകും. ബിജെപിയില്‍ നിന്നുള്ള സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ് സാമ്രാട്ട് ചൗധരി. മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സ്ഥാനം രാജിവെച്ചതോടെയാണ് ബിജെപിക്ക് വഴിതുറന്നത്.

ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെ നിതീഷ് കുമാർ ഗവർണർ സയ്യിദ് അത ഹസ്‌നൈനെ കണ്ട് രാജി സമർപ്പിച്ചു. "ബിഹാറിലെ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. അടുത്തിടെ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ചു. അതനുസരിച്ച് ഗവർണർക്ക് രാജി സമർപ്പിച്ചു," എന്ന് നിതീഷ് കുമാർ വ്യക്തമാക്കി. പുതിയ സർക്കാരിന് തന്റെ എല്ലാ സഹകരണവും മാർഗനിർദേശവും ഉണ്ടാകുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

243 അംഗ നിയമസഭയിൽ 89 എംഎൽഎമാരുള്ള ബിജെപി നിലവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ സാമ്രാട്ട് ചൗധരിയെ ഏകകണ്ഠമായി നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. "ഇത് വെറുമൊരു പദവിയല്ല, ജനങ്ങളെ സേവിക്കാനുള്ള അവസരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിഹാറിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ പരിശ്രമിക്കും," എന്ന് സാമ്രാട്ട് ചൗധരി പറഞ്ഞു.

താരാപൂരിൽ നിന്നുള്ള എംഎൽഎയായ സാമ്രാട്ട് ചൗധരി 2017-ലാണ് ആർജെഡി, ജെഡിയു പാർട്ടികളിലെ പന്ത്രണ്ട് വർഷത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് ബിജെപിയിൽ ചേർന്നത്. ജെഡിയു-ബിജെപി സഖ്യം തുടരുന്നുണ്ടെങ്കിലും ഭരണത്തിന്റെ പൂർണ്ണ നിയന്ത്രണം ഇതാദ്യമായാണ് ബിജെപിയിലേക്ക് എത്തുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിനും മറ്റ് മുതിർന്ന നേതാക്കളും നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ രാഷ്ട്രീയ മാറ്റം

സത്യപ്രതിജ്ഞാ ചടങ്ങുകൾ ഉടൻ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് കളം മാറ്റും.  ഭരണത്തിന്റെ കടിഞ്ഞാൺ ബിജെപി നേരിട്ട് ഏറ്റെടുക്കുന്നത് സംസ്ഥാനത്ത് പാർട്ടിയുടെ കരുത്ത് വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

ENGLISH SUMMARY:

Samrat Chaudhary is set to become the new Chief Minister of Bihar after a significant political development. This marks the first time a BJP leader will hold the chief ministerial post in the state.