revanth-reddy-pinarayi-vijayan-letter

നിയമസഭാ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള കേന്ദ്ര നീക്കത്തെ എതിര്‍ക്കാന്‍ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തെക്കന്‍ സംസ്ഥാനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായ നീക്കത്തിനെതിരെ ഒന്നിച്ചുനില്‍ക്കണമെന്നാണ് കത്തിലെ ആവശ്യം. സാമ്പത്തിക അനീതിക്കു പുറമേ രാഷ്ട്രീയപരമായി ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇതെന്നും കത്തില്‍ പറയുന്നു.  നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇരുവരും തമ്മിലുള്ള വാക്പോര് ദേശീയതലത്തില്‍ വന്‍ ശ്രദ്ധനേടിയിരുന്നു.

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ യോജിച്ച പോരാട്ടത്തിന് പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ജനസംഖ്യാടിസ്ഥാനത്തിൽ (Pro Rata Basis) സീറ്റുകൾ വർധിപ്പിക്കുന്നത് തെക്കൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് രാഷ്ട്രീയമായ ഒറ്റപ്പെടുത്തലാണെന്നും കത്തിൽ പറയുന്നു.

സീറ്റുകൾ ആനുപാതികമായി വർധിപ്പിക്കുമ്പോൾ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ ശബ്ദം പാർലമെന്റിൽ ദുർബലമാകും. ഉദാഹരണത്തിന്, കേരളത്തിലെ സീറ്റുകൾ 20-ൽ നിന്ന് 30 ആകുമ്പോൾ ഉത്തർപ്രദേശിലേത് 80-ൽ നിന്ന് 120 ആയി ഉയരും. ഇത് സംസ്ഥാനങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ വിടവ് 60-ൽ നിന്ന് 90 ആയി വർധിപ്പിക്കും. ജനസംഖ്യാ നിയന്ത്രണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച തെക്കൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ് പുതിയ നീക്കം. ജനസംഖ്യാ വർധനവ് കൂടുതലുള്ള വടക്കൻ സംസ്ഥാനങ്ങൾക്ക് ഇത് കൂടുതൽ രാഷ്ട്രീയ അധികാരം നൽകും.

നിലവിൽ തന്നെ നികുതി വിഹിതത്തിൽ തെക്കൻ സംസ്ഥാനങ്ങൾ വലിയ വിവേചനം നേരിടുന്നുണ്ട്. ബീഹാർ ഒരു രൂപയ്ക്ക് പകരമായി 6.69 രൂപ തിരികെ ലഭിക്കുമ്പോൾ കേരളത്തിന് ലഭിക്കുന്നത് വെറും 60 പൈസയാണ്. സാമ്പത്തിക അനീതിക്ക് പുറമെ രാഷ്ട്രീയമായ അടിച്ചമർത്തൽ കൂടി വരുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി.

സീറ്റ് വർധനവിൽ ജനസംഖ്യ മാത്രം മാനദണ്ഡമാക്കാതെ ഒരു 'ഹൈബ്രിഡ് മോഡൽ' സ്വീകരിക്കണമെന്ന് രേവന്ത് നിർദ്ദേശിക്കുന്നത്. വർധിപ്പിക്കുന്ന സീറ്റുകളുടെ 50 ശതമാനം മാത്രം ജനസംഖ്യാടിസ്ഥാനത്തിൽ വിഭജിക്കുക. ബാക്കി 50 ശതമാനം സീറ്റുകൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സംഭാവന (GSDP), വികസന നേട്ടങ്ങൾ എന്നിവ പരിഗണിച്ച് വിതരണം ചെയ്യുക.

 

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ പിണറായി വിജയനും രേവന്ത് റെഡ്ഡിയും തമ്മിൽ കടുത്ത വാക്പോര് നടന്നിരുന്നു. എന്നാൽ, ദക്ഷിണേന്ത്യയുടെ പൊതുവായ രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഈ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഒന്നിച്ചുനിൽക്കണമെന്നാണ് രേവന്ത് റെഡ്ഡിയുടെ ആഹ്വാനം. കേന്ദ്രത്തിന്റെ ഫെഡറൽ വിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ്മ അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.

ENGLISH SUMMARY:

Assembly seat increase proposals are being discussed by leaders, with Telangana CM Revanth Reddy urging Kerala CM Pinarayi Vijayan to join forces against potential changes that could disadvantage southern states. This move aims to foster unity among southern states to protect their political and economic interests against what is perceived as a federal overreach.