രാഹുല്‍ ഗാന്ധിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്താണ് ഇരു നേതാക്കളും കണ്ടത്. മഹാത്മാ ജ്യോതിബ ഫൂലെയുടെ 200-ാം ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള പുഷ്പാർച്ചനയ്ക്കാണ് നേതാക്കള്‍ എത്തിയത്.
രാഹുല്‍ ഗാന്ധിക്കൊപ്പം ലോക്സഭാ സ്പൂക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാൾ, മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് എന്നിവരാണ് പാര്‍ലമെന്‍റിലെ പ്രേരണാ സ്ഥലിൽ ഉണ്ടായിരുന്നത്. ഇവിടേക്ക് പ്രധാനമന്ത്രി കാറില്‍ വന്നിറങ്ങുകയും രാഹുലുമായി സംസാരിക്കുകയുമായിരുന്നു. കൈകൂപ്പി നേതാക്കള്‍ക്ക് അടുത്തേക്ക് എത്തിയ മോദി എല്ലാവരെയും അഭിവാദ്യം ചെയ്ത ശേഷമാണ് രാഹുലിനോട് സംസാരിച്ചത്. മിനുട്ടുകള്‍ ഇരുവരും സംസാരിച്ചു.
മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കിടെയിലാണ് ഇരുനേതാക്കളുടെയും സൗഹൃദ സംഭാഷണം. ഇരുവരും വളരെ അടുത്തുനിന്ന് ശ്രദ്ധയോടെ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മോദി-രാഹുൽ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ‘പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത് കാണുന്നത് സന്തോഷകരമാണ്’ എന്ന് നിരവധി പേർ എക്സിൽ കുറിച്ചു.