ഡല്‍ഹിയില്‍ ബിസിനസുകാരനെ തോക്കിന്‍മുനയില്‍ നിര്‍ത്തി കവര്‍ച്ച. തുടര്‍ന്ന് ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവ് കിലോമീറ്ററുകള്‍ പിന്നിട്ടപ്പോള്‍ താന്‍ മോഷണം നടത്തിയ വീട്ടിലെ കാര്‍ തന്നെ ചേസ് ചെയ്യുന്നത് തിരിച്ചറിഞ്ഞു. പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. 

ഡല്‍ഹി മധുവിഹാറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്. കുടുംബത്തെയും ജോലിക്കാരനെയും കൂട്ടി ഡിന്നറിന് പോയതായിരുന്നു ബിസിനസുകാരന്‍. രാത്രി പത്തരയോടെ വീട്ടില്‍ തിരിച്ചെത്തിയ കുടുംബം കാര്‍ പാര്‍ക്ക് ചെയ്ത് ഉള്ളിലേക്ക് കയറാന്‍ തുടങ്ങുകയായിരുന്നു. പൊടുന്നനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇവര്‍ക്കുനേരെ തോക്കുചൂണ്ടി പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് മോഷ്ടാക്കള്‍ കയ്യിലുണ്ടായിരുന്ന പണമടങ്ങിയ സ്യൂട്കേസ് തട്ടിയെടുക്കുകയും ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു. ഒരു ലക്ഷം രൂപയാണ് പെട്ടിയിലുണ്ടായിരുന്നത്.  

പണവുമായി പോയ മോഷ്ടാക്കളെ കുടുംബാംഗങ്ങളില്‍ ഒരാള്‍ കാറെടുത്ത് പിന്തുടരുകയായിരുന്നു. അധികം വൈകാതെ യുവാവ് മോഷ്ടാക്കള്‍ക്ക് പിന്നാലെയെത്തി. മോഷ്ടാക്കള്‍ കാറിന് നേരെ വെടിയുതിര്‍ത്തെങ്കിലും ഇയാള്‍ വെട്ടിച്ച് മാറുകയായിരുന്നു. തുടര്‍ന്ന് യുവാവ് കാറുകൊണ്ട് ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. ബൈക്കില്‍ നിന്ന് വീണ മോഷ്ടാക്കള്‍ തോക്കും പണപ്പെട്ടിയും വലിച്ചെറിഞ്ഞ് കേടായ ബൈക്കില്‍ ഒരുവിധം രക്ഷപ്പെട്ടു. 

സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചാണ് അന്വേഷണം.

ENGLISH SUMMARY:

A dramatic incident unfolded in Delhi where a businessman was robbed at gunpoint, leading to a high-speed chase. The robbers, after stealing cash, were pursued by the victim in his car, resulting in a cinematic twist and their eventual escape.