2025ല്‍ അപകടത്തില്‍ പെട്ട് കോമയിലായ ഭര്‍ത്താവിന്‍റെ ബീജത്തില്‍ നിന്ന്  കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി. ഡല്‍ഹിയിലാണ് സംഭവം. 2026 മാര്‍ച്ചില്‍ കോമയിലായിരുന്ന യുവാവിന്‍റെ നില ഗുരുതരമാവുകയും യുവാവിനെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. നിലവില്‍ യുവാവിന്‍റെ അവസ്ഥ അതീവ ഗുരുതരമാണെന്നും ഏത് നേരം വേണമെങ്കിലും മസ്തിഷ്ക മരണം സംഭവിക്കാമെന്നുമാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം. ഇതിനിടയിലാണ് ഭര്‍ത്താവിന്‍റെ ബീജത്തില്‍ തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് യുവതിക്ക് ആഗ്രഹമുണ്ടായത്. 

ഭര്‍ത്താവിന്‍റെ ഈ അവസ്ഥയില്‍ ശരീരം ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി ഓരോ അവയവങ്ങളും പ്രവര്‍ത്തനം നിലയ്ക്കുകയാണ്. ഈ അവസരത്തില്‍ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്കെത്തുന്നതിന് അധികം നാളില്ല. അത്തരമൊരു സാഹചര്യത്തില്‍ തനിക്ക് അമ്മയാകാന്‍ കഴിയില്ല. ആയതിനാല്‍ ഉടന്‍ തന്നെ ബീജം ശേഖരിച്ച് അവ ശേഖരിച്ചുവയ്ക്കണമെന്നും തുടര്‍ന്ന് പിന്നീട് ഭാവിയില്‍ അതില്‍ ഗര്‍ഭം ധരിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം. 

ഇതിന് മുന്‍പും ബീജം ശേഖരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആളുകള്‍ ഗര്‍ഭം ധരിച്ച വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ബീജം ശേഖരണത്തിന് ശേഷം മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്‍മാരായ ആളുകളും ഉണ്ട്. വൃഷണത്തില്‍ സൂചികുത്തി ശുക്ലം വലിച്ചെടുക്കുകയാണ് പദ്ധതിയുടെ ആദ്യ പടി. തുടര്‍ന്ന് ശുക്ലം മൈനസ് 196 ഡിഗ്രി താപനിലയില്‍ സൂക്ഷിച്ചുവയ്ക്കും. ഇത്തരത്തില്‍ വര്‍ഷങ്ങളോളം ബീജം ജീവനോടെ നിലനില്‍ക്കും. 

നിലവില്‍ യുവതിയുടെ മുന്നിലുള്ളത് നിയമതടസങ്ങളാണ്. മരണശേഷം ഭര്‍ത്താവില്‍ നിന്ന് ബീജം ശേഖരിക്കാമെങ്കിലും ജീവനോടെ കോമയിലിരിക്കുന്ന ഒരാളില്‍ നിന്ന് ബീജം ശേഖരിക്കുന്നതാണ് ആശങ്ക. ഭാവിയില്‍ ഇയാള്‍ ഉണര്‍ന്ന് തനിക്ക് കുഞ്ഞ് വേണ്ട എന്ന് പറഞ്ഞാല്‍ അത് കൂടുതല്‍‌ നൂലാമാലകള്‍ സൃഷ്ടിക്കുമെന്നതാണ് ആശങ്ക. 

ENGLISH SUMMARY:

A woman in Delhi has approached the court seeking to retrieve her husband's sperm, who is in a coma, to have a child. This legal battle highlights complex ethical and legal questions surrounding fertility preservation and a woman's right to motherhood.