ബെംഗളൂരുവിലെ സ്വകാര്യ സർവകലാശാലയില്‍ മുസ്‌ലിം വിദ്യാര്‍ഥിയെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച അധ്യാപകന് സസ്പെന്‍ഷന്‍. മാർച്ച് 24 ന് പിഇഎസ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. കോളജിലെ അധ്യാപകനായ പ്രൊഫസർ മുരളീധർ ദേശ്പാണ്ഡെയാണ് പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തിന്‍റെ വിദ്യാര്‍ഥികള്‍ പകര്‍‌ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ദൃശ്യങ്ങളില്‍ പ്രൊഫസർ മുരളീധർ ദേശ്പാണ്ഡെ ഒരു വിദ്യാർത്ഥിയോട് ‘നീ ഒരു തീവ്രവാദിയാണ്, നിനക്ക് നാണമില്ലേ?’ എന്ന് ചോദിക്കുന്നതായി കാണാം. ‘നിങ്ങളെപ്പോലുള്ളവര്‍ കാരണമാണ് ഇറാൻ യുദ്ധമുണ്ടായത്, ട്രംപ് നിങ്ങളെ കൊണ്ടുപോക്കോളും, നിങ്ങൾ നരകത്തില്‍ പോകും’ എന്നെല്ലാമാണ് പ്രൊഫസര്‍ വിളിച്ചുപറയുന്നത്. പലതവണ വര്‍ഗീയ അധിക്ഷേപം നടത്തുന്ന അധ്യാപകന്‍റെ ഒരുമിനിറ്റോളം നീണ്ടുനില്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ലാസ്റൂമിലായിരുന്നു അധിക്ഷേപം.

സംഭവം ഓൺലൈനിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. വിദ്യാർഥി സംഘടനകളും അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യ സംഭവത്തില്‍ പൊലീസിൽ പരാതി നൽകുകയും പ്രൊഫസർ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

സംഭവം വിവാദമായതോടെ പ്രൊഫസർ മുരളീധർ ദേശ്പാണ്ഡെയെ സർവകലാശാല അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. വിഡിയോയുടെ ആധികാരികതയും സാഹചര്യങ്ങളും പരിശോധിക്കുന്നതിനായി അന്വേഷണം ആരംഭിച്ചതായി പിഇഎസ് സർവകലാശാല ചാൻസലർ ജവഹർ ദൊരെസ്വാമി പറഞ്ഞു. ‘കോളജിലെ എല്ലാ ക്ലാസ് മുറികളിലും സിസിടിവി ഉണ്ട്, ഇത് പരിശോധിച്ച് വിഡിയോയുടെ ആധികാരികത ഉറപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്’ എന്നും അദ്ദേഹം വ്യക്തമാക്കി. 

സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് അധ്യാപകനെതിരെ നടപടി എടുത്തത്. അതേസമയം അധിക്ഷേപത്തിന് ഇരയായ വിദ്യാര്‍ഥിയെ പിന്തുണച്ച മൂന്ന് വിദ്യാർത്ഥികളെ മറ്റ് ചില കാരണങ്ങൾ ചൂണ്ടിക്കാട്ടി സസ്‌പെൻഡ് ചെയ്തതായും ആരോപണമുണ്ട്. 

ENGLISH SUMMARY:

A professor at Bengaluru's PES University, Muralidhar Deshpande, has been suspended following a viral video showing him hurling communal slurs at a Muslim student. The professor reportedly called the student a 'terrorist' and blamed people like him for global conflicts. While NSUI has filed a police complaint, the university has initiated a probe. Allegations have also surfaced regarding the suspension of students who supported the victim.