Untitled design - 1

13 വര്‍ഷത്തെ നിശബ്ദമായി കാത്തിരിപ്പിനൊടുവിൽ ദയാമരണത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ അന്തരിച്ചു. ഇത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഔദ്യോ​ഗിക ദയാമരണമാണ്. ഡെൽ​ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വേദനാരഹിതമായ മരണം ഉറപ്പാക്കുന്നതിനായി ഹരീഷിന് നൽകി വന്ന ഭക്ഷണ ട്യൂബ് മാറ്റിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചായിരുന്നു 13 വര്‍ഷം മൃതപ്രാണനായി കിടന്ന 31കാരന് സുപ്രീംകോടതി ദയാവധം അനുവദിച്ചത്. ഡൽഹിയിലെ എയിംസിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് ഹരീഷ് റാണയുടെ കട്ടിലിന് ചുറ്റും അവസാനമായി ഒരിക്കല്‍ക്കൂടി കുടുംബം ഒത്തുകൂടിയ ദൃശ്യങ്ങള്‍ കണ്ണീരോടെയാണ് എല്ലാവരും വീക്ഷിച്ചത്. ഹരീഷിനടുത്തായി നിറകണ്ണുകളോടെ അവന്‍റെ അമ്മ ഇരുന്നു. സിസ്റ്റര്‍ ഹരീഷിന്‍ഖെ നെറ്റിയിൽ തിലകം ചാര്‍ത്തി. ‘എല്ലാവരോടും ക്ഷമിക്കൂ, ഇപ്പോൾ പോകാൻ സമയമായി?’ ഹരീഷിന്‍റെ തലയിൽ തലോടിക്കൊണ്ട് അവര്‍ പറഞ്ഞു. 

ഹരീഷ് റാണയോടൊപ്പം കുടുംബം അവസാന നിമിഷങ്ങൾ ചെലവഴിക്കുന്ന 22 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഹൃദയഭേദകമായ വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ശേഷം ഹരീഷിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ലൈഫ് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ മാറ്റിയതോടെയാണ് ഹരീഷ് യാത്രയായത്. 2013ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കേയാണ് പേയിങ് ഗസ്റ്റായി താമസിച്ച കെട്ടിടത്തിന്‍റെ നാലാംനിലയില്‍ നിന്ന് വീണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. അന്ന് മുതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു റാണയുടെ ജീവിതം. കൃത്രിമ ശ്വസനത്തിനായി ട്രാക്കിയോസ്റ്റമി ട്യൂബും, ഭക്ഷണത്തിനായി ഗ്യാസ്ട്രോജെജുനോസ്റ്റമി ട്യൂബും ഘടിപ്പിച്ച് പൂർണ്ണമായും കിടപ്പിലായ അവസ്ഥയിലായിരുന്നു ഹരീഷ്.

2013ല്‍ ഹരീഷ് റാണയെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും തലച്ചോറിനേറ്റ ക്ഷതം മരണത്തിനു തുല്യമായ അവസ്ഥയിലേക്ക് റാണയെ മാറ്റിക്കഴിഞ്ഞിരുന്നു. അവസാന പ്രതീക്ഷയും അസ്തമിച്ചപ്പോള്‍ മകനെ ഈ അവസ്ഥയില്‍ നിന്ന് എന്നന്നേക്കുമായി മോചിപ്പിക്കാന്‍ ആ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. അങ്ങിനെ ഹരീഷിന് ദയാവധം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹർജി ഫയൽ ചെയ്തു. ഒടുവില്‍ ദയാവധം അനുവദിച്ച് സുപ്രീംകോടതിയുടെ ചരിത്രവിധി. കഴിഞ്ഞ 13 വര്‍ഷമായി ഒരു തരത്തിലുള്ള മാറ്റവും ഹരീഷ് റാണയുടെ ആരോഗ്യാവസ്ഥയില്‍ വന്നില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയതോടെയാണ് കോടതി ദയാവധം അനുവദിച്ചത്.ഇന്ത്യയിൽ ഇതാദ്യമായാണ് ഒരാൾക്ക് നിഷ്ക്രിയ ദയാവധം അനുവദിക്കുന്നത്. 

എന്നാല്‍ 53 വർഷങ്ങൾക്ക് മുമ്പ്, 1973 ൽ മുംബൈയിലെ കിങ് എഡ്വേർഡ് മെമ്മോറിയൽ ആശുപത്രിയിൽ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി നാല് പതിറ്റാണ്ട് ആശുപത്രികിടക്കയില്‍ മൃതപ്രാണയായി കിടന്ന നഴ്‌സ് അരുണ ഷാൻബാഗിന് 'മരിക്കാനുള്ള അവകാശം' സുപ്രീം കോടതി നിഷേധിച്ചിരുന്നു. കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നിഷ്ക്രിയ ദയാവധം ആദ്യം അനുവദിച്ചിരുന്നെങ്കിലും സജീവ ദയാവധം അനുവദനീയമല്ലെന്ന് കോടതി വിധിക്കുകയായിരുന്നു. 

പിന്നീട് 2015-ൽ ന്യുമോണിയ ബാധിച്ചായിരുന്നു അരുണ ഷാൻബാഗിന്‍റെ മരണം.നാല് തരം ദയാവധങ്ങളാണുള്ളത്. രോഗിയുടെ വ്യക്തമായ സമ്മതത്തോടെയുള്ള സ്വമേധയുള്ള ദയാവധം (Voluntary Euthanasia), രോഗി കോമയിലാണെങ്കില്‍ രോഗിയുടെ ബന്ധുക്കളുടെയും മെഡിക്കൽ ബോർഡിന്‍റെയും സമ്മതത്തോടെയുള്ള സ്വമേധയാ അല്ലാത്ത ദയാവധം (Non-voluntary Euthanasia), ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മരുന്നും ഇഞ്ചക്ഷനും നേരിട്ട് ഉപയോഗിച്ചുള്ള സജീവ ദയാവധം (Active Euthanasia), ജീവൻ രക്ഷാ ഉപകരണങ്ങള്‍ (വെന്റിലേറ്റർ, ലൈഫ് സപ്പോർട്ട്), മരുന്ന് തുടങ്ങിയ ക്രമേണ പിൻവലിച്ചുകൊണ്ടുള്ള നിഷ്ക്രിയ ദയാവധം (Passive Euthanasia) എന്നിവയാണവ. 

ഇന്ത്യയിൽ ദയാവധം അനുവദനീയമാണെങ്കിലും, രോഗിയുടെ മാനസിക ശാരീരിക അവസ്ഥയെക്കുറിച്ച് രണ്ട് മെഡിക്കൽ ബോർഡുകളുടെ അഭിപ്രായം പഠിച്ച ശേഷം മാത്രമേ സുപ്രീം കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. 

ENGLISH SUMMARY:

Harish Rana passed away after being granted euthanasia, marking India's first official case of passive euthanasia. This historical decision followed a 13-year legal battle by his parents, allowing him a peaceful end after suffering severe injuries in 2013.