ആമസോണിലൂടെ 2.9 ലക്ഷം രൂപ വിലമതിക്കുന്ന ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഒരു കിലോ ഡിറ്റർജന്റ് പൗഡർ. തന്റെ സ്റ്റാർട്ടപ്പിന് വേണ്ടി 'GIGABYTE RTX 5090' എന്ന ഹൈ-എൻഡ് ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്ത സ്വാഗത് നായക് എന്ന ഉപഭോക്താവിനാണ് ഈ ദുരനുഭവം ഉണ്ടായത്. തട്ടിപ്പിനിരയായ വിവരം യുവാവ് തന്നെയാണ് എക്സിലൂടെ പങ്കുവച്ചത്.  ഗ്രാഫിക്സ് കാർഡിന് പകരം ഡിറ്റർജന്റ് പൗഡർ ലഭിച്ചതിന്റെ അൺബോക്സിംഗ് വിഡിയോയും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ലഭിച്ച പാക്കേജിങ്ങില്‍ വലിയ രീതിയിലുള്ള തിരിമറികൾ നടന്നതായി സ്വാഗത് ആരോപിക്കുന്നു. സാധനം വാങ്ങിയ കമ്പനിയുടെ സീലുകള്‍ പൊട്ടിച്ച നിലയിലായിരുന്നുവെന്നും അത് വീണ്ടും ടേപ്പ് വച്ച് ഒട്ടിച്ചതാണെന്നും യുവാവ് പറയുന്നു. കൂടാതെ പാക്കേജിന് പുറത്ത് വ്യാജമായ ഒരു ബാർകോഡും പതിപ്പിച്ചിരുന്നു. ആമസോൺ വെയർഹൗസിൽ നിന്ന് നേരിട്ട് സംഭരിച്ച് അയക്കുന്ന 'ആമസോൺ ഫുൾഫിൽഡ്'  വിഭാഗത്തിൽപ്പെട്ട ഉൽപ്പന്നമായിരുന്നിട്ടും ഇത്തരമൊരു തട്ടിപ്പ് നടന്നത് തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം കുറിച്ചു. എന്നാൽ പരാതി നൽകി 15 മിനിറ്റിനുള്ളിൽ തന്നെ ആമസോൺ സപ്പോർട്ട് ടിക്കറ്റ് ക്ലോസ് ചെയ്തതായും നിലവിൽ തന്റെ റീഫണ്ട് അഭ്യർത്ഥന അവർ നിരസിക്കുകയാണെന്നും യുവാവ് പറയുന്നു.

തെളിവായി ഷിപ്പിംഗ് ലേബലിലെ ഭാരവും യുവാവ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്രാഫിക്സ് കാർഡിന്റെ ബോക്സ് ഉൾപ്പെടെയുള്ള ഭാരം സാധാരണയായി 3 കിലോയ്ക്ക് അടുത്താണെങ്കിൽ ആമസോണിന്റെ ഷിപ്പിംഗ് ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്നത് 1.56 കിലോ മാത്രമാണ്. ഇത് തനിക്ക് ലഭിച്ച ഡിറ്റർജന്റിന്റെയും പാക്കിംഗിന്റെയും കൃത്യമായ ഭാരമാണെന്നും ആമസോണിന്റെ അന്വേഷണ റിപ്പോർട്ട് കള്ളമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ ഭാരവ്യത്യാസം ഉണ്ടായിട്ടും എങ്ങനെയാണ് വെയർഹൗസ് സ്കാനിംഗിൽ ഇത് ശ്രദ്ധിക്കപ്പെടാതെ പോയതെന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. നൈക്ക് ഷൂസിന് പകരം ബ്രാൻഡഡ് അല്ലാത്ത ഷൂസ് ലഭിച്ചതായും ഗോപ്രോ ക്യാമറയ്ക്ക് പകരം വിലകുറഞ്ഞ ക്യാമറ ലഭിച്ചതായും ചിലർ കമന്റ് ചെയ്തു. എന്നാൽ, യുവാവ് പങ്കുവെച്ച അൺബോക്സിങ് വിഡിയോ എഡിറ്റ് ചെയ്തതാണെന്നും ഇത്രയും വലിയ തുകയുടെ സാധനം ഓർഡർ ചെയ്യുമ്പോൾ എന്തുകൊണ്ട് കൂടുതൽ വ്യക്തതയോടെ വിഡിയോ പകർത്തിയില്ലെന്നും ചോദിച്ച് ചിലർ അദ്ദേഹത്തിന്റെ അവകാശവാദങ്ങളെ സംശയിക്കുകയും ചെയ്യുന്നുണ്ട്.