Image Credit : Twitter/Ai Generated Image

പൂച്ചയെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വീട്ടുകാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവഡോകടര്‍ ജീവനൊടുക്കി. ഹൈദരാബാദിലെ അല്‍വാളിലാണ് സംഭവം. 23കാരിയായ ടി. പ്രിൻസിയാണ് വീട്ടിലെ തര്‍ക്കത്തില്‍ മനംനൊന്ത് ആത്മഹഹത്യ ചെയ്തത്. വെളളിയാഴ്ച വൈകുന്നേരം വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രിന്‍സി ജീവനൊടുക്കിയത്. 

അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമാണ് പ്രിന്‍സി താമസിച്ചിരുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പ്രിന്‍സി തനിക്ക് ഓമനിച്ചു വളര്‍ത്താനായി വീട്ടിലൊരു പൂച്ചയെ കൊണ്ടുവന്നിരുന്നു. പൂച്ചയെ വളര്‍ത്തുന്നതിനോട് പ്രിന്‍സിയുടെ അമ്മയും മുത്തശ്ശിയും വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും പ്രിന്‍സി പൂച്ചയെ വളര്‍ത്തുന്നതില്‍ നിന്ന് പിന്മാറിയില്ല. തുടര്‍ന്നുളള ദിവസങ്ങളില്‍ പ്രിന്‍സിക്ക് തുമ്മലും ജലദോഷവും ചുമയും കടുത്തതോടെ ഇതിനെല്ലാം കാരണം പൂച്ചയാണെന്ന് അമ്മയും മുത്തശ്ശിയും വാദിച്ചു. 

പ്രിന്‍സിയുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം പൂച്ച മൂലമുളള അലര്‍ജിയാണെന്ന് അമ്മയും മുത്തശ്ശിയും ചൂണ്ടിക്കാട്ടി. പൂച്ച വളര്‍ത്താന്‍ അനുവദിക്കില്ലെന്ന് ഇരുവരും പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പൂച്ചയെ ചൊല്ലി പ്രിൻസിയും അമ്മയും മുത്തശ്ശിയും തമ്മിൽ വീട്ടിൽ നിരന്തരമായി വഴക്കുകൾ ഉണ്ടാകാനും തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം അമ്മയും മുത്തശ്ശിയും പുറത്തുപോയി തിരികെ വന്നപ്പോഴാണ് പ്രിൻസിയെ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് സംഭവവിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗാന്ധി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. പ്രിന്‍സിയുടെ അമ്മയുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. 

ENGLISH SUMMARY:

A young doctor, Pricy, tragically ended her life following a dispute with her family over her pet cat. The incident occurred in Alwal, Hyderabad, highlighting the severe impact of family conflicts on mental well-being.