മ്യാൻമറിലെ വംശീയ സായുധ ഗ്രൂപ്പുകൾക്കും ഇന്ത്യയിലെ ചില നിരോധിത സംഘടനകൾക്കും പരിശീലനം നൽകുന്നതിനായി അനധികൃതമായി അതിർത്തി കടന്ന ആറ് യുക്രെയ്ൻ പൗരന്മാരെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിർണായക വിവരങ്ങൾ പുറത്തുവന്നു. ഇവരിൽ മൂന്ന് പേരെ ലഖ്‌നൗ വിമാനത്താവളത്തിൽ നിന്നും ബാക്കിയുള്ള മൂന്ന് പേരെ ഡൽഹി വിമാനത്താവളത്തിൽ നിന്നുമാണ് പിടികൂടിയത്. യുക്രെയ്ൻ പൗരന്മാരെ കൂടാതെ, ഇന്ത്യക്കെതിരെയുള്ള ഗൂഢാലോചന നടത്തിയതായി സംശയിക്കുന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി അമേരിക്കൻ പൗരനായ മാത്യു വാൻഡൈക്കിനെയും കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹുർബ പെട്രോ, സ്ലൈവിയാക് തരാസ്, ഇവാൻ സുക്മാനോവ്സ്കി, സ്റ്റെഫാൻകിവ് മരിയൻ, ഹോഞ്ചുക് മക്സിം, കാമിൻസ്കി വിക്ടർ എന്നിവരാണ് അറസ്റ്റിലായ യുക്രെയ്ൻ പൗരന്മാരെന്ന് തിരിച്ചറിഞ്ഞു. ഇതിൽ പെട്രോ, തരാസ്, സുക്മാനോവ്സ്കി എന്നിവരെ ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (UAPA) സെക്ഷൻ 18 പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.
അന്വേഷണ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച്, ഇവർക്ക് കാര്യമായ യുദ്ധപരിചയമുണ്ടെന്നും മ്യാൻമറിലെ സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നുമാണ് സൂചന. 2025 ഡിസംബർ 18-ന് യുഎഇയിൽ നിന്നാണ് ഇവർ ഇന്ത്യയിലെത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവർ ആദ്യം മിസോറാമിൽ എത്തുകയും അവിടെ നിന്ന് നിയമവിരുദ്ധമായി മ്യാൻമറിലെ ചിൻ (Chin) സ്റ്റേറ്റിലേക്ക് കടക്കുകയുമായിരുന്നുവെന്ന് സ്രോതസ്സുകൾ വ്യക്തമാക്കുന്നു.
തിരികെ വരുന്ന വഴി ഇവർ ലഖ്‌നൗവിൽ എത്തുകയും ഒരു ഹോട്ടലിൽ താമസിക്കുകയും ചെയ്തതായി അധികൃതർ വെളിപ്പെടുത്തി. വിദേശ പൗരന്മാർക്കുള്ള ചട്ടങ്ങൾ അനുസരിച്ച് ഹോട്ടൽ അധികൃതർ 'ഫോം സി' (Form C) പൊലീസിന് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. ഇവർ ക്വാലാലംപൂരിലേക്ക് പോകാൻ തയ്യാറെടുക്കുന്നു എന്ന വിവരത്തെത്തുടർന്ന് ലഖ്‌നൗ വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് നടന്ന വിവരം യുക്രെയ്ൻ നയതന്ത്ര കാര്യാലയം സ്ഥിരീകരിച്ചിട്ടുണ്ട്.