ലഡാക് അവകാശ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ തടവ് കേന്ദ്രസർക്കാർ പിൻവലിച്ചു. ദേശീയ സുരക്ഷാ നിയമ പ്രകാരം ചുമത്തിയിരുന്ന ശിക്ഷാ നടപടികളാണ് സർക്കാർ ഒഴിവാക്കിയത്. ആറ് മാസത്തെ തടവിനുശേഷം സോനം ഉടന്‍ ജയില്‍ മോചിതനാകും.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ലേയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടർന്നാണ് സോനം വാങ്ചുക്ക് അറസ്റ്റിലായത്. ലഡാക്കിൽ സമാധാനം പുനഃസ്ഥാപിക്കാനും ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാനുമാണ് സോനത്തെ മോചിപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. NSA പ്രകാരമുള്ള കരുതൽ തടങ്കലിന്റെ പരമാവധി കാലാവധിയിൽ പകുതിയോളം വാങ്ചുക് ഇതിനോടകം പൂർത്തിയാക്കിയെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ലേ ജില്ലാ മജിസ്ട്രേട്ടാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി സോനത്തെ രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലേക്ക് മാറ്റിയത്. സോനത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജയിൽ മോചിതനായാല്‍ സോനം ഇനി സമരങ്ങളുടെ പാത പിന്തുടരില്ലെന്നും ഭാര്യ വ്യക്തമാക്കി. എന്‍ജിനീയറും വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകനുമായ സോനം വാങ്ചുക്കിന് മാഗ്‌സസെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.