രാജ്യത്ത് പാചകവാതക ഇറക്കുമതിയിൽ ആശങ്കപ്പെടുത്തുന്ന കുറവ്. ഹോർമൂസ് കടലിടുക്ക് അടച്ചത് പ്രതിസന്ധിയുണ്ടാക്കിയെന്ന് കേന്ദ്രം. ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചു. എൽപിജിയിൽനിന്ന് പിഎൻജിയിലേക്ക് മാറാൻ പറ്റുന്നവർ മാറണം. ആളുകള്‍ പരിഭ്രാന്തരായി എല്‍പിജി ബുക്ക് ചെയ്യരുതെന്നും കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
രാജ്യത്തിന്‍റെ എല്‍പിജി ഇറക്കുമതിയുടെ 90 ശതമാനം കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്ക് അടച്ചത് പ്രതികൂലമായി ബാധിച്ചെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ വിശദീകരണം. ഗാര്‍ഹിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യത്തിന് എല്‍പിജിയുണ്ട്. നിലവിലുള്ള സ്റ്റോക്കിൽ നിന്ന് ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്ക് എത്ര വീതം നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. പ്രതിസന്ധി നേരിടുന്നവർ പ്രാദേശിക ഡീലർമാരുമായി സംസാരിച്ച് പിഎന്‍ജി കണക്ഷൻ എടുക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.
ഇറക്കുമതിയിലെ കുറവ് പരിഹരിക്കാന്‍ എൽപിജിയുടെ ആഭ്യന്തര ഉൽപ്പാദനം 30 ശതമാനം വർധിപ്പിച്ചെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. പരിഭ്രാന്തരായി ബുക്കിങ് തുടങ്ങിയതാണ് ബുക്കിങ് സംവിധാനങ്ങളിൽ തടസ്സം നേരിടാൻ കാരണം. രാജ്യത്ത് പാചകവാതക ബുക്കിങ്ങിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. യുദ്ധത്തിന് മുൻപ് ശരാശരി 55.7 ലക്ഷം ബുക്കിങ്ങുകളായിരുന്നെങ്കില്‍ നിലവിൽ ഇത് 75.7 ലക്ഷമായി ഉയർന്നു.
എൽപിജിക്ക് പകരം ഉപയോഗിക്കാൻ മണ്ണെണ്ണ, കൽക്കരി എന്നിവ കൂടുതൽ ലഭ്യമാക്കാൻ തുടങ്ങി. കേന്ദ്രം അനുവദിച്ച അധിക മണ്ണെണ്ണ കൂടുതല്‍ കേന്ദ്രങ്ങളില്‍ വേഗത്തിൽ വിതരണം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അതേസമയം, അസംസ്‌കൃത എണ്ണയും എൽപിജിയുമായി എത്തുന്ന കപ്പലുകൾക്ക് തുറമുഖങ്ങളിൽ മുൻഗണന നൽകണമെന്ന് കേന്ദ്ര തുറമുഖ മന്ത്രാലയം അഭ്യര്‍ഥിച്ചു.