ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകത്തില്‍ പ്രതിഷേധവുമായി ഇന്ത്യയിലെ 'മിനി ഇറാനും'. കര്‍ണാടകയിലെ ചിക്കബെല്ലാപ്പൂര ജില്ലയിലുള്ള ഷിയാ ഭൂരിപക്ഷ ഗ്രാമമായ അലിപ്പൂര് ആണ് 'മിനി ഇറാന്‍' എന്നറിയപ്പെടുന്നത്. അലിപ്പൂരിൽ താമസിക്കുന്നത് 90 ശതമാനവും ഇറാനിൽ വേരുകളുള്ള ഷിയ മുസ്‌ലിംകളാണ്. ബെംഗളൂരുവിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിൽ 25000 ആണ് ആകെ ജനസംഖ്യ. 

1981 ഫെബ്രുവരിയിൽ ഖമനയി ഈ ഗ്രാമം സന്ദർശിക്കുകയും ഇറാൻ സർക്കാരിന്‍റെ സഹായത്തോടെ നിർമ്മിച്ച ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. അന്ന് 41 വയസ്സുകാരനായ പുരോഹിതനായിരുന്ന അദ്ദേഹത്തെ ഗ്രാമവാസികൾ തങ്ങളുടെ ആത്മീയ ഗുരുവായിട്ടാണ് കണ്ടിരുന്നത്. ഖമനയിയുടെ ഈ സന്ദർശനമാണ് അലിപുരയെ ദക്ഷിണേന്ത്യയിലെ ഷിയാ വിശ്വാസികളുടെ പ്രധാന കേന്ദ്രമാക്കി മാറ്റിയത്.

ഖമനയിയുടെ മരണത്തിന് പിന്നാലെ പ്രദേശത്തെ മൂന്ന് ദിവസത്തെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.  മരണവാർത്തയറിഞ്ഞ് ഗ്രാമത്തിലെ കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണ്ണമായും അടച്ചു. കറുത്ത വസ്ത്രങ്ങൾ ധരിച്ചും നേതാവിന്റെ ചിത്രങ്ങൾ ഏന്തിയും ആയിരക്കണക്കിന് ആളുകൾ ഗ്രാമത്തിൽ വിലാപ യാത്രകൾ നടത്തി. വൻതോതിലുള്ള ജനക്കൂട്ടം ഉണ്ടായതിനെത്തുടർന്ന് ചിക്കബല്ലാപ്പൂർ ജില്ലാ പോലീസ് ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 

ENGLISH SUMMARY:

Ayatollah Khamenei assassination has sparked protests in India's 'Mini Iran', a Shia majority village in Karnataka. Ali pur, home to Shia Muslims with roots in Iran, observed a three-day strike and mourning rituals following the news of their spiritual leader's death.