ഒരു ജീവന്‍ രക്ഷിക്കാനായി നടത്തിയ വിമാനയാത്രയാണ് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഏഴുപേരുടെ മരണത്തില്‍ കലാശിച്ചത്. ജാര്‍ഖണ്ഡിലെ ചാന്ദ്വയിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സഞ്ജയ് കുമാര്‍ ഷായെ രക്ഷിക്കാനായി ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന റെഡ്ബേർഡ് എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ കീഴിലുള്ള ബീച്ച്‌ക്രാഫ്റ്റ് സി90 എയർ ആംബുലൻസാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഛത്ര വനമേഖലയില്‍ തകര്‍ന്നുവീണത്. തിങ്കളാഴ്ച രാത്രി 7.11ന് പറന്നുയര്‍ന്ന വിമാനത്തിന് 20 മിനിറ്റിനുശേഷം എയര്‍ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് താന്‍ നടത്തിക്കൊണ്ടിരുന്ന ഹോട്ടലില്‍ ഷോര്‍ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് തീപിടിച്ച് സഞ്ജയ് കുമാര്‍ ഷായ്ക്ക് 65ശതമാനം പൊള്ളലേറ്റത്. വിദഗ്ധ ചികില്‍സയ്ക്കായാണ് ഡോക്ടര്‍മാര്‍ സഞ്ജയെ എത്രയും വേഗം ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തത്. മോശം അവസ്ഥയിലായതിനാല്‍ റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന്, 7.5 ലക്ഷം രൂപ വായ്പയെടുത്തും സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയുമാണ് ഡല്‍ഹിയിലെ ചികിത്സക്കും എയര്‍ ആംബുലന്‍സിന്‍റെ വാടകയ്ക്കുമായുള്ള പണം കുടുംബം കണ്ടെത്തിയത്. സഞ്ജയ്ക്കൊപ്പം ഭാര്യ അര്‍ച്ചന ദേവിയും ബന്ധുവായ ധ്രുവും ഉണ്ടായിരുന്നു. ഇവരെ കൂടാതെ ഡോക്ടർ വികാസ് കുമാർ ഗുപ്ത, നഴ്‌സ് സച്ചിൻ കുമാർ മിശ്ര, പൈലറ്റുമാരായ ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, ക്യാപ്റ്റൻ സവ്‌രാജ്ദീപ് സിങ് എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒരാള്‍പോലും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടില്ല.
സഞ്ജയുടെ സഹോദരന്‍ വിജയ് ഷാ റാഞ്ചി എയർപോർട്ടില്‍ പോയി ഇവരെ യാത്രയാക്കിയശേഷം തിരിച്ച് വീട്ടിലെത്തി ടെലിവിഷന്‍ വാര്‍ത്തയിലൂടെയാണ് പ്രിയപ്പെട്ടവര്‍ക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ച് അറിയുന്നത്.വിമാനാപകടം രണ്ട് മക്കളെ അനാഥരാക്കിയെന്ന വേദനയിലാണ് കുടുംബം. ദുരന്തത്തില്‍ മരിച്ച ഡോക്ടര്‍ വികാസ് കുമാര്‍ ഗുപ്ത റാഞ്ചിയിലെ സദർ ഹോസ്പിറ്റലിലെ ഡോക്ടറായിരുന്നു. ഇദ്ദേഹത്തിനും ഏഴുവയസ്സുള്ള ഒരു മകനുണ്ട്.