ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്റ്റ് സമ്മിറ്റില്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി നിര്‍മിച്ചെടുത്തത് എന്ന് അവകാശപ്പെട്ട് അവതരിപ്പിച്ചത് ചൈനീസ് റോബോട്ടിനെ. ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയാണ് ചൈനീസ് റോബോട്ടിനെ അവതരിപ്പിച്ച് വിമര്‍ശനം ഏറ്റുവാങ്ങിയത്. 

ഒറിയോണ്‍ എന്ന പേരിലാണ് പ്രൊഫ നേഹ സിങ് റോബോട്ടിനെ അവതരിപ്പിച്ചത്. സർവകലാശാലയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സാണ് റോബോട്ടിനെ വികസിപ്പച്ചതെന്നാണ് ഇവര്‍ വാദിച്ചത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഈ റോബോട്ട്, ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്സ് നിർമ്മിച്ച യൂണിട്രീ ഗോ2 മോഡലാണെന്ന് നെറ്റിസൺസ് കണ്ടെത്തി.

വിവാദം കടുത്തതോടെ എക്സിലൂടെ ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റി വിശദീകരണവുമായി രംഗത്തെത്തി. ഈ റോബോട്ട് തങ്ങൾ നിർമ്മിച്ചതാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും, വിദ്യാർഥികൾക്ക് എഐ പ്രോഗ്രാമിങ്ങിൽ പ്രായോഗിക പരിശീലനം നൽകുന്നതിനായാണ് റോബോട്ടിനെ വാങ്ങിയതെന്നും അവർ പറഞ്ഞു. വിദ്യാർഥികൾക്ക് മികച്ച അറിവ് നൽകുന്നതിനായി അമേരിക്ക, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആധുനിക സാങ്കേതികവിദ്യകൾ തങ്ങൾ ഉപയോഗിക്കാറുണ്ട്. ഈ പ്രത്യേക റോബോട്ട് തങ്ങൾ നിർമ്മിച്ചതല്ലെങ്കിലും, ഭാവിയിൽ സമാനമായ സാങ്കേതികവിദ്യകൾ സ്വന്തമായി നിർമ്മിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും യൂണിവേഴ്സിറ്റി വ്യക്തമാക്കി. 

ENGLISH SUMMARY:

A Chinese robot was presented at the AI Impact Summit in Delhi, claimed to be built by an Indian university. Galgotias University faced criticism after presenting a Chinese robot named Orion, stating it was developed by their Center of Excellence.