AI Generated Image. 2. പരുക്കേറ്റ വിദ്യാര്‍ഥിനി(Image Credit: NDTV)
സര്‍ക്കാര്‍ സ്കൂളിലെ വാതിലിനിടയില്‍ കുടുങ്ങി ആറു വയസുകാരിയുടെ കൈവിരലുകള്‍ അറ്റു. കര്‍ണാടകയിലെ തുംകൂരു ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ചിന്മയിദേവിയുടെ വലതുകയ്യിലെ രണ്ടു വിരലുകളാണ് നഷ്ടമായത്. അധ്യാപകരുടെ അനാസ്ഥയാണ് കൈവിരല്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടു. കുടുംബത്തിന്‍റെ പരാതിയില്‍ അധ്യാപിക, പ്രധാനാധ്യാപിക, ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫിസര്‍ എന്നിവര്‍ക്ക് എതിരെ തുമകുരു റൂറല്‍ പൊലീസ് കേസെടുത്തു.
ഫെബ്രുവരി ഒന്‍പതിന് ഗുലുരുവിലെ സര്‍ക്കാര്‍ മോഡല്‍ ഹയര്‍ പ്രൈമറി സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണത്തിന് വരി നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിദ്യാർഥികൾ വരിയിൽ നിൽക്കുമ്പോൾ ആരോ പിന്നിൽ നിന്ന് ഇരുമ്പ് വാതിൽ തള്ളിത്തുറക്കുകയും ചിന്മയിയുടെ വലതു കൈ വാതിലിന്റെ വിടവിൽ കുടുങ്ങുകയുമായിരുന്നു. രണ്ട് വിരലിന്‍റെ ഭാഗങ്ങളാണ് മുറിഞ്ഞുപോയത്. എന്നാല്‍ സംഭവം നടന്നതിന് പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ല.
ഉച്ചയ്ക്ക് രണ്ടരയോടെ അധ്യാപിക കുട്ടിയുടെ അമ്മ അംബികയെ ഫോണില്‍ വിളിച്ചാണ് അപകട വിവരം പറയുന്നത്. രക്ഷിതാക്കള്‍ സ്കൂളിലെത്തിയപ്പോഴേക്കും കുട്ടി കയ്യില്‍ നിന്നും രക്തംവാര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. അധ്യാപകരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അടിയന്തര വൈദ്യസഹായം നൽകിയില്ലെന്നും, തങ്ങൾ എത്തുന്നതുവരെ കുട്ടിയെ സ്കൂളിനുള്ളിൽ തന്നെ നിർത്തിയെന്നും രക്ഷിതാക്കള്‍ പരാതിയില്‍ പറഞ്ഞു. കുട്ടിയുടെ അച്ഛന്‍റെ ബൈക്കിലാണ് തുംകൂരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. മുറിഞ്ഞുപോയ വിരലുകൾ ആവശ്യപ്പെട്ടപ്പോൾ, മറ്റ് കുട്ടികള്‍ പേടിക്കാതിരിക്കാന്‍ അവ വലിച്ചെറിഞ്ഞു എന്നാണ് സ്കൂള്‍ ജീവനക്കാര്‍ പറഞ്ഞതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.