2024 ജൂലൈയിലെ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തന്‍റെ ദീര്‍ഘകാല ഭരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായ ശേഷമുള്ള ബംഗ്ലദേശില്‍ ‘ഇരുണ്ട രാജകുമാരന്‍’ എന്ന് വിമര്‍ശിക്കപ്പെട്ട താരിഖ് റഹ്മാന്‍ തന്‍റെ നേതൃത്വത്തിലുള്ള ബംഗ്ലദേശ് നാഷനല്‍ പാര്‍ട്ടിയുടെ വന്‍ വിജയത്തോടെ ഒരു പുതിയ കഥ രചിക്കാന്‍ ഒരുങ്ങുകയാണ്. മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന ബീഗം ഖാലിദ സിയയുടെയും മുൻ പ്രസിഡന്‍റ് സിയാവുർ റഹ്മാന്‍റെയും മൂത്ത മകനും 60കാരനുമായ താരിഖിന് അധികാരത്തിലേക്കുള്ള തിരിച്ചുവരവ് മധുരമുള്ളൊരു പ്രതികാരം കൂടിയാണ്. ഷെയ്ക്ക് ഹസീനയുടെ കാലത്ത് അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം 17വര്‍ഷത്തെ പ്രവാസത്തിനുശേഷമാണ് താരിഖ് റഹ്മാന്‍ തിരിച്ചെത്തുകയും പാര്‍ട്ടി ശക്തിപ്പെടുത്തുകയും ചെയ്തത്.
ഷെയ്ഖ് ഹസീനയുടെ സർക്കാർ താഴെ ഇറങ്ങിയതോടെയാണ് താരിഖ് തിരിച്ച് വരവിനുള്ള കരുക്കൾ നീക്കിയത്. ഇടക്കാല സർക്കാരും സുപ്രീം കോടതിയും താരിഖിന്‍റെ മുൻകാല ശിക്ഷകൾ റദ്ദാക്കുകയും അവാമി ലീഗ് ഭരണകാലത്ത് ഫയൽ ചെയ്ത കേസുകളിൽ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. 2025 ഡിസംബറിലാണ് തിരിച്ചെത്തിയ റഹ്മാൻ ബിഎൻപി ചെയർമാനായി ഔദ്യോഗികമായി ചുമതലയേറ്റത്. ‘എനിക്ക് ബംഗ്ലാദേശിനായി ഒരു പദ്ധതിയുണ്ട്’ എന്ന വാചകത്തോടെ ബിഎൻപിയുടെ പ്രചാരണത്തിന് തുടക്കമിട്ട താരിഖിന്‍റെ വിജയത്തോടെ ഇന്ത്യയും ദക്ഷിണേഷ്യയുടെ മറ്റ് ഭാഗങ്ങളും യുഎസും ആ പദ്ധതി എന്തൊക്കെയാകുമെന്ന് തന്നെയാണ് ഉറ്റുനോക്കുന്നത്. ന്യൂനപക്ഷ സംരക്ഷണം, വിദേശ നയ പരിഷ്കാരങ്ങൾ, ബംഗ്ലാദേശിനെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയായിരുന്നു താരിഖും ബിഎൻപിയും തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇന്ത്യയുടെ ആദ്യ ചുവടുകൾ
ബംഗ്ലാദേശിന്‍റെ പുതിയ നേതാവിനെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ മുൻകൈ എടുത്തത് ധാക്കയുമായി ബന്ധപ്പെട്ട ഏത് ഇടപെടലുകളിലും നിർണായകമാകുമെന്ന് വിശകലന വിദഗ്ധർ നിരീക്ഷിക്കുന്നു. തിരഞ്ഞെടുപ്പിൽ ബിഎൻപിയെ നിർണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്മാന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചത്. ഈ വിജയം നിങ്ങളുടെ നേതൃത്വത്തെക്കുറിച്ച് ബംഗ്ലദേശിലെ ജനങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ബംഗ്ലദേശിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും മോദി ഉറപ്പുനൽകി. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിൽ ഇന്ത്യ-ബംഗ്ലദേശ് ബന്ധത്തിലുണ്ടായ വിള്ളലുകൾക്ക് ശേഷം ഒരു സുസ്ഥിരമായ ബന്ധത്തിന്‍റെ തുടക്കത്തിനായുള്ള കരങ്ങളാണ് മോദി നീട്ടുന്നത്.
ഇന്ത്യ കാണുന്നത് എന്ത്?
ദക്ഷിണേഷ്യയിലും പുറത്തും രാഷ്ട്രീയത്തെ മാറ്റിമറിക്കുകയും ദേശീയ സുരക്ഷയെപ്പോലും സ്വാധീനിക്കുകയും ചെയ്ത സര്‍ക്കാരിന്‍റെ ചാഞ്ചാട്ടവും തിരഞ്ഞെടുപ്പും ഇന്ത്യ സൂക്ഷ്മമായി തന്നെയാണ് നിരീക്ഷിച്ചത്. ഷെയ്ഖ് ഹസീനയുടെ പുറത്താകലോടെ ബംഗ്ലദേശിൽ ആഭ്യന്തര സുരക്ഷയും അതിർത്തി സുരക്ഷയും തകരുകയും അനധികൃത കുടിയേറ്റവും ഹിന്ദു വിരുദ്ധ വികാരവും വർധിക്കുകയും ചെയ്തിരുന്നു. ഇന്ത്യ നേരിടുന്നത് പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന മൂന്ന് പ്രശ്നങ്ങളാണ്. അതില്‍ ഏറ്റവും വലുത് പാകിസ്ഥാൻ-ചൈന-ബംഗ്ലാദേശ് അച്ചുതണ്ടാണ്. പാക്-ചൈന-ബംഗ്ലാദേശ് അവിശുദ്ധ കൂട്ടുകെട്ട് ദക്ഷിണേഷ്യയിൽ ഡൽഹിയുടെ പിടിമുറുക്കിയേക്കാം.
അനധികൃത കുടിയേറ്റം (പ്രത്യേകിച്ച് ബംഗാൾ, ആസാം തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് ആഭ്യന്തര രാഷ്ട്രീയത്തിലെ വീഴ്ച), ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട ഹിന്ദു വിരുദ്ധ വികാരങ്ങൾ തുടങ്ങിയ ആശങ്കകളിൽ നിന്ന് ഉയർന്നുവരുന്ന അതിർത്തി, ആഭ്യന്തര സുരക്ഷാ പ്രത്യാഘാതങ്ങൾ എന്നിവയും ഇന്ത്യയെ സംബന്ധിച്ച് ഗൗരവമുള്ള വിഷയങ്ങളാണ്. ഹസീന അധികാരത്തിലിരുന്നപ്പോൾ വ്യാപാരം, ഗതാഗതം, അതിർത്തി സുരക്ഷ, ജലകൈമാറ്റ കരാറുകൾ എന്നിവയിൽ ഇരുരാജ്യങ്ങളും സുസ്ഥിരമായ ബന്ധം പുലർത്തിയിരുന്നു. എന്നാൽ 2001-2006 കാലഘട്ടത്തിലെ ബിഎൻപി ഭരണകാലത്തുണ്ടായ അതിർത്തി കടന്നുള്ള തീവ്രവാദവും 2004ലെ ചിറ്റഗോം ആയുധക്കടത്തും ഇന്ത്യയുടെ ആശങ്കയുണ്ടാക്കുന്ന വിഷയങ്ങളാണ്.
വ്യാപാരവും അതിനൊപ്പം പരിഗണിക്കേണ്ട ഒരു ഘടകമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ജമാഅത്ത് ഉൾപ്പെട്ട ഒരു ബംഗ്ലാദേശ് സർക്കാരിന് ഉഭയകക്ഷി ബന്ധം അസ്ഥിരപ്പെടുത്താനുള്ള കഴിവുണ്ടായിരുന്നു. കൂടുതൽ തീവ്രതയോടെ അത് പാകിസ്ഥാനുമായി കൂടുതൽ അടുക്കുകയും, വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ആക്രമണം നടത്താൻ പാകിസ്ഥാൻ ബന്ധമുള്ളതോ പിന്തുണയ്ക്കുന്നതോ ആയ തീവ്രവാദി ഗ്രൂപ്പുകളുടെ ലോഞ്ച്പാഡായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകുമായിരുന്നില്ല. എന്നാല്‍ ഭാവിയിൽ, അധികാരത്തിലുള്ള ബിഎൻപി ഇന്ത്യയെ അനാവശ്യമായി വിഷമിപ്പിക്കില്ല എന്നതിന്‍റെ സൂചനയാണ് തന്‍റെ അമ്മയുടെ 'ബംഗ്ലാദേശ് ആദ്യം' നയത്തിൽ നിന്നുള്ള മാറ്റത്തിന് സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് ‘ഇന്ത്യയുടെ താൽപ്പര്യങ്ങളെ താൻ മാനിക്കു’മെന്ന താരിഖ് റഹ്മാന്‍റെ വാക്കുകള്‍.