odisha-issue

Ai Generated Image

ദലിത് യുവതി പാചകം ചെയ്ത ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് ആരോപിച്ച് കുട്ടികളെ അങ്കണവാടിയിലേക്ക് വിടാതെ മാതാപിതാക്കള്‍. കുട്ടികള്‍ വരാതായതോടെ അങ്കണവാടി 3 മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. ഒഡീഷയിലെ നുവാഗാവ് ഗ്രാമത്തിലാണ് ദലിത് യുവതി കടുത്ത ജാതിവിവേചനത്തിന് ഇരയായത്. അങ്കണവാടി അടച്ചതോടെ ഏകദേശം 60ഓളം കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസവും മുടങ്ങി.

നാലുമാസങ്ങള്‍ക്ക് മുന്‍പാണ് ബിരുദ ധാരിയായ 23കാരി സര്‍മിസ്ത സേഥി രാജ്നഗർ ബ്ലോക്കിലെ ഘഡിയാമല ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അങ്കണവാടിയില്‍ പാചകക്കാരിയും സഹായിയുമായി ജോലിയില്‍ പ്രവേശിച്ചത്. നിയമനത്തിന് തൊട്ടുപിന്നാലെ തന്നെ ദലിത് യുവതിയുളള അങ്കണവാടിയിലേക്ക് കുട്ടികളെ അയക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച്  മാതാപിതാക്കളില്‍ ചിലര്‍  രംഗത്തെത്തി. ഉന്നതജാതിക്കാരടങ്ങിയ ഗ്രാമസമിതിയില്‍ സംഭവം ചര്‍ച്ചയാകുകയും ചെയ്തു. ദലിത് യുവതി വച്ചുവിളമ്പുന്ന ഭക്ഷണം തങ്ങളുടെ കുട്ടികള്‍ കഴിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച മാതാപിതാക്കള്‍ യുവതിയെ മാറ്റാതെ കുട്ടികളെ അങ്കണവാടിയിലേക്ക് അയക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. 

അതുവരെ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 60 കുട്ടികളാണ് ഈ അങ്കണവാടിയില്‍ പഠിച്ചിരുന്നത്. താന്‍ ജോലിയില്‍ പ്രവേശിച്ച നാള്‍  മുതല്‍‍ കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പരുതെന്ന മുന്നറിയിപ്പുമായി മാതാപിതാക്കള്‍ എത്തിയിരുന്നെന്ന് സര്‍മിസ്ത സേഥിയും പറയുന്നു. ഉന്നതകുലജാതരായ കുട്ടികള്‍ക്ക് ജാതി പ്രശ്നങ്ങളില്ലാത്ത പഠിക്കാനായി, ദലിത് കുടുംബങ്ങളോട് കുട്ടികളെ അങ്കണവാടി കേന്ദ്രത്തിലേക്ക് അയക്കരുതെന്ന് ഗ്രാമസമിതി അധ്യക്ഷൻ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍  ഏഴ് ദളിത് കുടുംബങ്ങൾ ഉൾപ്പെടെ ഏകദേശം 45 കുടുംബങ്ങളാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. 

ഗര്‍ഭിണികളടക്കം ആരോഗ്യപരമായ ആനൂകൂല്യങ്ങള്‍ സ്വീകരിക്കാന്‍ അങ്കണവാടിയിലേക്കുളള വരവ് നിര്‍ത്തിയെന്നും സര്‍മിസ്ത പറയുന്നു. അതേസമയം രാജ്നഗർ ബ്ലോക്കിലെ ചീഫ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസറെ (CDPO) വിവരം അറിയിച്ചതായും, കുട്ടികളെയും ഗർഭിണികളെയും കേന്ദ്രത്തിൽ എത്തുന്നതിൽ നിന്ന് തടയുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും പറഞ്ഞു അങ്കണവാടി പ്രവർത്തക ലിസാറാണി പാണ്ഡവ് പറഞ്ഞു. ദലിത് യുവതിയുടെ നിയമനത്തെ മറവായി കാണിച്ച് കുട്ടികളെയും മറ്റുള്ളവരെയും അങ്കണവാടി കേന്ദ്രത്തിൽ നിന്ന് വിലക്കിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രശ്നം സൗഹൃദപരമായി പരിഹരിക്കാനും ശ്രമിക്കുന്നുണ്ടെന്നും ജില്ലാകളക്ടർ രഘുരാം ആർ. അയ്യറും വ്യക്തമാക്കി

ENGLISH SUMMARY:

Dalit discrimination in Odisha has led to an anganwadi closure, putting the future of around 60 children at risk. Parents have stopped sending their children to the anganwadi due to the employment of a Dalit woman as a cook, citing caste bias.