ഇന്ത്യ - യുഎസ് വ്യാപാര കരാറിന്‍റെ  രൂപരേഖ പുറത്ത്.  ഇന്ത്യന്‍ ഉൽപന്നങ്ങൾക്ക് യുഎസ് ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറച്ചു.  യു.എസ് ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങള്‍ക്കുള്ള തീരുവ ഇന്ത്യയും കുറയ്ക്കും.  യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് നന്ദിപറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, കരാര്‍ ഇന്ത്യയ്ക്ക് വലിയ അവസരങ്ങള്‍ നല്‍കുമെന്ന് അവകാശപ്പെട്ടു. റഷ്യന്‍ എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

ആശങ്കകള്‍ക്കും ആകാംക്ഷക്കും മറുപടിയായി ഇന്ത്യ–യുഎസ് വ്യാപാര കരാറിന്‍റെ കരട് പുറത്തുവന്നു.   ഇരുരാജ്യങ്ങളും പരസ്പരം ഇറക്കുമതി തീരുവ കുറയ്ക്കും.  യുഎസിൽ നിന്നുള്ള ചുവന്ന ചോളം, കശുവണ്ടി, ബദാം, പഴവർഗങ്ങൾ, സോയാബീൻ ഓയിൽ, വൈൻ, സ്‌പിരിറ്റ് എന്നിവയടക്കം ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും.  ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി പ്രധാന പച്ചക്കറികളെയും പഴ വര്‍ഗങ്ങളെയും  നികുതി ഇളവില്‍ നിന്ന് ഒഴിവാക്കിയതായി വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. ക്ഷീര മേഖലയ്ക്കും ഇളവില്ല.  അഞ്ചുവർഷത്തിനകം 50,000 കോടി ഡോളറിന്‍റെ ഉല്‍പന്നങ്ങള്‍ അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യും. 

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ അമേരിക്ക 18 ശതമാനമാക്കി. ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകും. ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റുമതിചെയ്യുന്ന റബർ, പ്ലാസ്‌റ്റിക്, തുണിത്തരങ്ങൾ, തുകൽ, ചെരുപ്പ്, മരുന്നുകൾ, , വാഹന സ്പെയർ പാർട്‌സ് തുടങ്ങിയവയിലും ഇളവുണ്ടാകും. ഔഷധമേഖലയിലെ ഇളവ് തുടരും.   അതേസമയം,  റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ഇന്ത്യ സമ്മതിച്ചെന്നും അതിനാല്‍  നേരത്തെ ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ റദ്ദാക്കുന്നതായും വൈറ്റ് ഹൗസ് വ്യക്തമാക്കി. എന്നാല്‍ ഇത് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല . റഷ്യന്‍ എണ്ണ വാങ്ങിയാല്‍ അധിക തീരുവ തിരികെ വരുമെന്ന് യുഎസ് പറയുന്നു. കർഷകർ, മത്സ്യബന്ധന തൊഴിലാളികൾ, സൂക്ഷ്മ – ചെറുകിട സംരംഭകർ എന്നിവർക്ക് കരാർ നേട്ടമാകും എന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.