മുംബൈയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന കാലാഘോഡ ആർട്ട് ഫെസ്റ്റിവലിന് ഉജ്ജ്വല വരവേല്‍പ്പ്. കാൽ നൂറ്റാണ്ട് പിന്നിട്ട ഈ കലാമാമാങ്കത്തിന്റെ ഭാഗമാകാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ദക്ഷിണ മുംബൈയിലേക്ക് ഒഴുകിയെത്തുന്നത്.
കാഴ്ചയുടെ നിറവിസ്മയമൊരുക്കിയാണ് ഇത്തവണയും കാലാഘോഡ ആർട്ട് ഫെസ്റ്റിവൽ വിരുന്നെത്തിയിരിക്കുന്നത്. ദക്ഷിണ മുംബൈയിലെ ചരിത്രപ്രസിദ്ധമായ തെരുവുകൾ ഇപ്പോൾ വലിയൊരു ആർട്ട് ഗാലറിയാണ്.
ജീവിതം, അതിജീവനം, സ്ത്രീ ശാക്തീകരണം തുടങ്ങി വിവിധ സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള കലാകാരന്മാരുടെ ചുവർ ചിത്രങ്ങൾ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. ഓരോ ചുവരിലും ഓരോ കഥ പറയുന്ന ചിത്രങ്ങൾ.
വസ്ത്രങ്ങൾ, ആഭരണങ്ങൾ, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള തനത് കരകൗശല വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന നൂറിലേറെ സ്റ്റാളുകളും സന്ദർശകരെ ആകർഷിക്കുന്നു. ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതുന്ന വിപണിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായി പ്രത്യേക പരിപാടികൾ, സിനിമാപ്രദർശനം, വിവിധ വിഷയങ്ങളിലെ ചർച്ചകൾ എന്നിവയും ഓരോ ദിവസവും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നു. രാത്രി വൈകുവോളും നീളുന്ന സംഗീത പരിപാടികൾ മുംബൈയുടെ രാത്രികളെ കൂടുതൽ സജീവമാക്കുന്നു.
ഫെബ്രുവരി ഒൻപത് വരെ നീളുന്ന ഈ കലാമാമാങ്കം മുംബൈയുടെ സാംസ്‌കാരിക അടയാളമായി മാറിക്കഴിഞ്ഞു.