ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ‌ പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായിരുന്ന സി.ജെ.റോയി മരണത്തെ കുറിച്ചു നേരത്തെ തന്നെ ചിന്തിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു. കസ്റ്റഡിയിൽ എടുത്ത ഡയറിയിലാണ്, കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും നിക്ഷേപകരെ വിശ്വാസത്തിലെടുത്തു മുന്നോട്ട് പോകണമെന്നും, റോയി എഴുതിയിരിക്കുന്നത്.

സി.ജെ. റോയി എന്തിനു സ്വയം മരണത്തിന്റെ വഴി തിരഞ്ഞെടുത്തുവെന്ന ചോദ്യം ബാക്കി നിൽക്കെയാണ് ഡയറിയിലെ വിവരങ്ങൾ പുറത്ത് വരുന്നത്. മരണത്തിന് തൊട്ടുപിന്നാലെ പൊലീസ് കണ്ടെടുത്ത ഡയറിയിൽ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുണ്ട്. വിദേശ സംരംഭങ്ങളിൽ തിരിച്ചടിയുണ്ടായി. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്ന് ഉപദേശിക്കുന്ന എഴുത്തുകളിൽ തുടക്കം മുതൽ കൂടെയുളള നിക്ഷേപകരെ കൈവിടരുതെന്നും ആവശ്യപെടുന്നുണ്ട്. ഇതാണ് റോയി മരണത്തെ കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നുവെന്ന സംശയം ബാക്കിവയ്ക്കുന്നത്.

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തുടർച്ചയായി 3 തവണ കാണണമെന്നാവശ്യപ്പെട്ട് വിളിച്ചുവെന്ന് സഹോദരൻ സമ്മതിക്കുന്നുണ്ട്. മരണം നിശ്ചയിയുറപ്പിച്ച ശേഷമായിരുന്നോ ഈ വിളികളെന്നും പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം മൊഴിയെടുത്ത റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് ജീവനക്കാരിൽ നിന്നു വീണ്ടും മൊഴി രേഖ‌പ്പെടുത്തും. അതേസമയം മരണ സമയം സംബന്ധിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി.എ. ജോസഫിന്റെയും സുരക്ഷാ ഉദ്യോഗസ്ഥന്റെയും മൊഴികളിൽ വൈരുധ്യമുണ്ടെന്ന് എസ്.ഐ.ടി. കണ്ടെത്തി. 

വെള്ളിയാഴ്ച്ച 3 മണിക്കാണ് റോയി ഓഫീസിലെത്തിയതെന്ന് ജോസഫ് പറയുമ്പോൾ ഒരു മണിക്കൂർ മുന്നേയെത്തിയിരുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴി. കൂടാതെ തൊട്ടടുത്ത മുറിയിൽ ഒരാൾ വെടിവച്ചു മരിച്ചിട്ടും ആരും ശബ്ദം കേട്ടില്ലെന്ന മൊഴികളിലും എസ്. ഐ.ടി സംശയമുന്നയിക്കുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സഹോദരൻ സി.ജെ. ബാബു, ഗ്രൂപ്പ് ഡയറക്ടർ ടി.എ. ജോസഫ് എന്നിവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ENGLISH SUMMARY:

The diary of prominent industrialist and former Confident Group Chairman C. J. Roy contains information similar to a suicide note. The diary mentions that he faced setbacks in foreign ventures. It also includes a note apologizing to his family. Details of those to whom he owed money are also listed in the diary.