എപ്സ്റ്റീൻ ഫയല്‍ രേഖയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ഇസ്രയേൽ സന്ദർശനവും പരാമർശിക്കുന്നതായുള്ള ആരോപണത്തിൽ വിവാദം. പുറത്തുവന്നത് ജല്‍പ്പനങ്ങളാണെന്നും അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി ഇസ്രയേൽ സന്ദര്‍ശിച്ചു എന്നത് മാത്രമാണ് വസ്തുതയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട കുറ്റവാളിയുടെ വാക്കുകളാണെന്നും കടുത്ത ഭാഷയിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിമർശനം. രാജ്യത്തിന് മുഴുവൻ നാണക്കേടാണ് പ്രധാനമന്ത്രിയുടെ പേര് എപ്സ്റ്റീൻ ഫയലിൽ ഉൾപ്പെട്ടതെന്ന് കോൺഗ്രസ് വിമർശിച്ചു.
മോദി തന്‍റെ ഉപദേശം സ്വീകരിച്ചെന്നാണ് ഇ മെയിലിൽ എപ്സ്റ്റീൻ പരാമർശിച്ചിട്ടുള്ളത്. തന്‍റെ നിർദേശപ്രകാരം മോദി ഇസ്രയേലിൽ പോയെന്നാണ് എപ്സ്റ്റീൻ വിവരിച്ചിട്ടുള്ളത്. അമേരിക്കൻ പ്രസിഡന്‍റിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമർശമുണ്ട്. എന്നാൽ എന്ത് പ്രയോജനമെന്ന് മെയിലിൽ വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലും ലോകത്താകെയും വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയതാണ് എപ്സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകൾ.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിമന്ത്രാലയം പുറത്തുവിട്ട രേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്. മള്‍ട്ടി മില്യണറായിരുന്ന ജെഫ്രി എപ്‌സ്റ്റീന്‍ ലൈംഗിക കുറ്റത്തിന് ജയിലിലായിരുന്നു. 2019 ല്‍ ജയിലില്‍ കഴിയവെ ആത്മഹത്യ ചെയ്ത ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എപ്‌സ്റ്റീന്‍ ഫയലിലുള്ളത്. ട്രംപ്, മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍, സെബില്രേറ്റികള്‍, വിദേശ നേതാക്കള്‍ എന്നിവരുമായി ജെഫ്രി എപ്‌സ്റ്റീനുള്ള ബന്ധങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിന് റഷ്യൻ പെൺകുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിന് ശേഷം ലൈംഗികരോഗം പിടിപെട്ടുവെന്ന് വ്യക്തമാക്കുന്ന എപ്സ്റ്റീന്‍ ഫയലുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നേരത്തെ പുറത്തുവന്ന പട്ടികയില്‍ മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് ബില്‍ ക്ലിന്റണും മൈക്കിള്‍ ജാക്സണും അടക്കമുള്ളവരുടെ വിവരങ്ങളുണ്ടായിരുന്നു.