cj-roy-confident-group

ആദായ നികുതി റെയ്ഡിനിടെ സ്വയം വെടിയേറ്റ് മരിച്ച കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ.റോയിയുടെ മൃതദേഹ പരിശോധന  റിപ്പോര്‍ട്ട് പുറത്ത്. വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളച്ച് പുറത്തുപോയെന്നാണ് കണ്ടെത്തല്‍. 6.35mm വലിപ്പമുള്ള വെടിയുണ്ട കണ്ടെത്തി. ശരീരത്തോട് ചേര്‍ത്തുവച്ച് പോയിന്‍റ് ബ്ലാങ്കിലാണ് വെടിവച്ചത്. ക്ലോസ് റേഞ്ചില്‍ വലതു കൈ ഉപയോഗിച്ച് ഇടതു നെഞ്ചിന്‍റെ ഭാഗത്താണ് ഒറ്റത്തവണയാണ് റോയ് വെടിയുതിര്‍ത്തത്. 

 

സി.ജെ റോയിക്ക് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ടി.എ ജോസഫ് അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് റോയും ജോസഫും  ലാങ്ഫോഡ് റോഡിലെ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഓഫീസിലെത്തിയത്. 

 

ക്യാബിനിലേക്ക് പോയ റോയ്, അമ്മയോട് സംസാരിക്കണമെന്ന് ജോസഫിനോട് ആവശ്യപ്പെട്ടു. റോയ് നിര്‍ദ്ദേശിച്ചത് അനുസരിച്ച് ജോസഫ് ക്യാബിന് പുറത്തേക്ക് പോയി. പത്തു മിനുട്ടിന് ശേഷം ജോസഫ് തിരികെ വന്നപ്പോള്‍, ആരെയും അകത്തു കയറ്റരുതെന്ന് റോയ് ആവശ്യപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീണ്ടും പത്തു മുനിട്ട് കാത്തിരുന്ന ശേഷം ക്യാബിനിന്‍റെ വാതിലില്‍ മുട്ടി, പ്രതികരണമുണ്ടായില്ല. അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു ക്യാബിന്‍. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ ചോരയില്‍ കുളിച്ച് ഇരിക്കുകയായിരുന്നു റോയ് എന്നും പരാതിയിലുണ്ട്. 

 

ആത്മഹത്യ ചെയ്യേണ്ട പ്രശ്നങ്ങളോ കടമോ സി.ജെ.റോയിക്കില്ലെന്ന് സഹോദരൻ സി.ജെ.ബാബു മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാവിലെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. 28 മുതൽ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനം ഉണ്ടായി. നിയമനടപടികൾ അടക്കമുള്ള കാര്യങ്ങൾ കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ബാബു പറഞ്ഞു.

ENGLISH SUMMARY:

CJ Roy's post-mortem report has been released following his suspected suicide during an Income Tax raid. The report indicates the bullet penetrated his heart and lungs, and the shot was fired at close range.