നാലുപതിറ്റാണ്ടിലേറെയായി മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണായക സാന്നിധ്യമായ നേതാവാണ് ആകസ്മികമായി വിടപറയുന്നത്. അഞ്ചു തവണ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ സഖ്യങ്ങള്‍ മാറിയപ്പോഴും പരാജയമില്ലാതെ നിലകൊണ്ടു. പിളര്‍ത്തിയ എന്‍സിപിയെ ഐക്യത്തിലേക്ക് നയിക്കാനുള്ള നീക്കങ്ങള്‍ക്കിടയിലാണ് അജിത്ത് പവാറിന്‍റെ വിയോഗം.
മഹാരാഷ്ട്രയിലെ മാറിമറിയുന്ന രാഷ്ട്രീയ സഖ്യങ്ങള്‍, തകര്‍ന്ന അധികാര കുടുംബങ്ങൾ, രാഷ്ട്രീയ പൈതൃകത്തിന്‍റെ പങ്കുപറ്റാനുള്ള പോരാട്ടങ്ങള്‍, ഒന്നിലും അജിത്ത് പവാര്‍ കളത്തിന് പുറത്തായിരുന്നില്ല. അതിനാല്‍ അജിത് 'പവര്‍' എന്നും പേരുണ്ട് മഹാരാഷ്ട്രയുടെ ദാദയ്ക്ക്.
മുതിര്‍ന്ന എൻസിപി നേതാവ് ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരന്‍ അനന്തറാവുവിന്റെ മകനായി ബരാമതിയിൽ ജനിച്ച 1959ല്‍ ജനിച്ച അജിത്ത് പവാര്‍ പുണെയിലെ പഞ്ചസാര ഫാക്‌ടറിയിലെ സഹകരണ ബോർഡ് അംഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. ക്രമേണയുള്ള രാഷ്ട്രീയ വളര്‍ച്ച. 1991ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് വിജയിച്ചെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി രാജിവച്ചു. അതേവര്‍ഷംതന്നെ ബാരാമതിയിൽനിന്ന് ആദ്യമായി മഹാരാഷ്ട്ര നിയമസഭായിലേക്ക്. പിന്നീട് ബാരാമതിയില്‍ അജിത്ത് പവാര്‍ പരാജയമറിഞ്ഞിട്ടില്ല. ബാരാമതിയുടെ അജിത്ത് അജയ്യനായി.
1991ല്‍ സംസ്‌ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് റാങ്കോടെ മന്ത്രിയായി. 2010 മുതല്‍ പല കാലഘട്ടങ്ങളിലായി അഞ്ചുതവണ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി. 2022 മുതല്‍ ഒരുവര്‍ഷം പ്രതിപക്ഷ നേതാവുമായിരുന്നു.
എന്‍സിപിയെ പിളര്‍പ്പ് അജിത്തിനെ കൂടുതല്‍ ശക്തനാക്കി. 2023ല്‍ എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരുമായി രാജ്‌ഭവനിലെത്തിയാണ് അജിത് അട്ടിമറിനീക്കം നടത്തിയത്. അന്ന് ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന - ബിജെപി സർക്കാരിൽ ചേർന്ന് ഉപമുഖ്യമന്ത്രിയായി. 2024ല്‍ അജിത് പവാർ വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചതും അജിത് പവാറിന് നേട്ടമായി. ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിലും ഉപമുഖ്യമന്ത്രിയായ അജിത് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ശരത് പവാര്‍ വിഭാഗവുമായി ഐക്യത്തിലെത്താനുള്ള ചര്‍ച്ചകള്‍ നടത്തിയത്.