മഹാരാഷ്ട്ര രാഷ്ട്രീയത്തിന്‍റെ ചാണക്യന്‍ അജിത് പവാർ അപ്രതീക്ഷിതമായി വിടവാങ്ങുമ്പോൾ, അത് ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാക്കുന്ന ശൂന്യത ചെറുതല്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അജിത്തിന്‍റെ അഭാവത്തിൽ എൻസിപിയുടെ ഭാവി ഇനി എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. 

അമ്മാവൻ ശരദ് പവാറുമായി തെറ്റിപ്പിരിഞ്ഞ് എൻസിപി പിളർത്തി ബിജെപി പാളയത്തിലെത്തിയ അജിത് പവാർ, എന്നും ഒരു രാഷ്ട്രീയ വിസ്മയമായിരുന്നു. എന്നാൽ സമീപകാലത്ത് ശരദ് പവാറുമായി അദ്ദേഹം അടുക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും ഒന്നിച്ച് മത്സരിച്ചതോടെ എൻസിപിയുടെ പുനരേകീകരണം രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രവചിച്ചു. അജിത് പവാർ മഹാവികാസ് അഘാടിയിലേക്ക് മടങ്ങിവരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പ്രവചിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ദുരന്തം സംഭവിക്കുന്നത്.

​മരണത്തിന് പിന്നാലെ ദുരൂഹതകളുടെ നിഴലും പടരുന്നുണ്ട്. അപകടം നടക്കുന്നതിന് 21 മണിക്കൂർ മുൻപേ അജിത് പവാറിന്റെ വിക്കിപീഡിയ പേജിൽ മരണവിവരം എഡിറ്റ് ചെയ്യപ്പെട്ടു എന്ന അവകാശവാദത്തോടെയുള്ള സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. ​

എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ അജിത് പവാർ തയ്യാറെടുക്കവെയാണ് ദുരന്തം ഉണ്ടായതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു.

ഇനി എല്ലാവരും ഉറ്റുനോക്കുന്നത് എൻസിപിയുടെ ഭാവിയിലേക്കാണ്. അജിത്തിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ പക്ഷത്തുള്ള എംഎൽഎമാരും നേതാക്കളും എങ്ങോട്ട് നീങ്ങും? ശരദ് പവാർ വിഭാഗത്തിൽ ലയിക്കുമോ? സുപ്രിയ സുലെയുടെ നേതൃത്വം അംഗീകരിക്കുമോ? അതോ, നേതൃത്വമില്ലാത്ത അജിത് പക്ഷത്തെ ബിജെപി പൂർണ്ണമായും വിഴുങ്ങുമോ? .അനിശ്ചിതത്വങ്ങളുടെ പെരുമഴക്കാലത്തിലേക്കാണ് മഹാരാഷ്ട്ര രാഷ്ട്രീയം ഇനി പോവുക. 

ENGLISH SUMMARY:

The tragic demise of Ajit Pawar has indeed created a seismic shift in Indian politics. As the "Chanakya" of Maharashtra, his sudden departure leaves the NCP at a crossroads and raises intense questions about the future of the state's alliances.