Image Credit: x.com/AITCofficial

വന്ദേഭാരത് സ്ലീപ്പര്‍ എക്സ്പ്രസ് തീവണ്ടികളില്‍ െവജിറ്റേറിയന്‍ ഭക്ഷണം മാത്രം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വെജിറ്റേറിയന്‍ ഓപ്ഷന്‍ മാത്രമെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നുള്ളൂ. ഇന്ന് സര്‍വീസ് ആരംഭിച്ച ഹൗറയില്‍ നിന്നും അസമിലെ കാമ്യഖ്യയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് സ്ലീപ്പര്‍ എക്സ്പ്രസിനെ പറ്റിയാണ് വിവാദം. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. 

ജനങ്ങളുടെ ഭക്ഷണകാര്യത്തില്‍ പ്രധാനമന്ത്രി നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്. 

മത്സ്യവും മാംസവും പ്രധാന ഭക്ഷണവിഭവങ്ങളായ മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനില്‍ നോണ്‍ വെജിറ്റേറിയന്‍ ഓപ്ഷന്‍ അനുവദിക്കാത്തത് ഏകീകൃത ഭക്ഷണശീലം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്നും തൃണമൂല്‍ ആരോപിച്ചു. ആദ്യ വോട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇപ്പോള്‍ പ്ലേറ്റിലും എന്നാണ് പാര്‍ട്ടി എക്സില്‍ കുറിച്ചത്. 

വന്ദേഭാരത് സ്ലീപ്പറില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാം. ഇതില്‍ വെജ് ഓപ്ഷന്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ട്രെയിനിലെ എല്ലാ യാത്രക്കാര്‍ക്കും റെയില്‍ നീര്‍ വെള്ളവും പത്രവും സൗജന്യമായി നല്‍കും. യാത്ര സമയത്തിന് അനുസൃതമായാണ് ഭക്ഷണക്രമം നിശ്ചയിക്കുക. രാവിലെ ചായയും ബിസ്ക്കറ്റും ലഭിക്കും. അത്താഴമായി ബംഗാളി ഭക്ഷണവും ആസാമീസ് ഭക്ഷണവും തിരഞ്ഞെടുക്കാന്‍ സാധിക്കും. 

വ്യാഴാഴ്ച മുതലാണ് കാമാഖ്യ നിന്നും വന്ദേഭാരത് സ്ലീപ്പറിന്‍റെ ആദ്യ വാണിജ്യ സര്‍വീസ് ആരംഭിച്ചത്. വെള്ളിയാഴ്ച ഹൗറയില്‍ നിന്നുള്ള സര്‍വീസും ആരംഭിക്കും. ആഴ്ചയില്‍ ആറാഴ്ച സര്‍വീസ് നടത്തുന്ന എക്സ്പ്രസിന് 14 മണിക്കൂറാണ് യാത്ര സമയം. ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിനാണിത്. 16 കോച്ച് ട്രെയിനില്‍ എസി– 3 ടെയര്‍, എസി–2 ടെയര്‍, ഫസ്റ്റ് എസി എന്നി വിഭാഗങ്ങളിലായി 823 പേര്‍ക്ക് യാത്ര ചെയ്യാം. 

ENGLISH SUMMARY:

Vande Bharat Sleeper Express sparks controversy over vegetarian-only menu. The lack of non-vegetarian options on the Howrah-Kamakhya route has drawn criticism, with accusations of imposing a uniform food culture.