Image Credit : ANI/Twitter
കാര്‍ മാലിന്യക്കുഴിയിലേക്ക് മറിഞ്ഞ് 27കാരനായ യുവരാജ് എന്ന യുവാവ് മരിച്ച വാര്‍ത്ത ഒരു ഞെട്ടലോടെയാണ് രാജ്യം കേട്ടത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് യുവരാജ് അച്ഛനെ വിളിച്ച് പറഞ്ഞത് എനിക്ക് മരിക്കണ്ട, എന്നെ എങ്ങനെയെങ്കിലും രക്ഷിക്കൂ എന്നായിരുന്നു. മകനെ രക്ഷിക്കാന്‍ ഓടിസ്ഥലത്തെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. സംഭവസ്ഥലത്ത് ആളുകളുണ്ടായിരുന്നെങ്കിലും ഒരാളും മകനെ രക്ഷിക്കാന്‍ തയാറായില്ലെന്നും എല്ലാവരും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നെന്നും യുവരാജിന്‍റെ പിതാവ് രാജ്കുമാര്‍ മേത്ത ആരോപിച്ചു. ആരെങ്കിലും ഒരാള്‍ ഒന്ന് മനസുവച്ചിരുന്നെങ്കില്‍ തന്‍റെ മകന്‍ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും രാജ്കുമാര്‍ മേത്ത പറഞ്ഞു.
അധികൃതരുടെ അനാസ്ഥയാണ് മകന്‍റെ ജീവനെടുത്തതെന്നും റോഡില്‍ റിഫ്ലക്ടറുകള്‍ ഒന്നും സ്ഥാപിച്ചിരുന്നില്ലെന്നും സര്‍വീസ് റോഡില്‍ ഉണ്ടായിരുന്ന ഓടകള്‍ തുറന്നിട്ട നിലയിലാണെന്നും രാജ്കുമാര്‍ മേത്ത ആരോപിച്ചു. മകന്‍റെ മരണത്തില്‍ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ അദ്ദേഹം പരാതി നല്‍കി. നോയിഡയില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കനത്ത മൂടല്‍മഞ്ഞില്‍ വഴിതെറ്റി യുവരാജിന്‍റെ കാര്‍ മാലിന്യക്കുഴിയില്‍ ചെന്ന് പതിക്കുകയായിരുന്നു. സെക്ടര്‍ 150തില്‍ വച്ചാണ് കാര്‍ മറിഞ്ഞത്.
കനത്ത മൂടല്‍ മഞ്ഞും റോഡില്‍ റിഫ്ലക്ടറുകള്‍ ഇല്ലാതിരുന്നതുമാണ് അപകടം സൃഷ്ടിച്ചത്. രണ്ട് മാലിന്യക്കുഴികളെ വേര്‍തിരിക്കുന്ന ഭാഗത്തേക്കാണ് യുവരാജിന്‍റെ കാര്‍ മറിഞ്ഞത്. എഴുപത് അടി താഴ്ചയുള്ള ഈ കുഴിയിലാകെ വെള്ളം നിറഞ്ഞിരുന്നു. കാര്‍ അപകടത്തില്‍പ്പെടതും യുവരാജ് അച്ഛനെ ഫോണില്‍ വിളിച്ചു. തന്നെ എങ്ങനെയെങ്കിലും രക്ഷിക്കാന്‍ അപേക്ഷിച്ചു. മകനോട് താന്‍ ഉടനെത്താമെന്ന് പറഞ്ഞ രാജ്കുമാര്‍ മേത്ത ലൊക്കേഷന്‍ അയക്കാനും ഫോണിന്‍റെ ടോര്‍ച്ച് ലൈറ്റ് ഓണ്‍ ചെയ്ത് ഉയര്‍ത്തിപ്പിടിക്കാനും ആവശ്യപ്പെട്ടു. സംഭവം അപ്പോള്‍ തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തു.
പിതാവിന്‍റെ നിര്‍ദേശപ്രകാരം യുവരാജ് മൊബൈലിന്‍റെ ടോര്‍ച്ച് ലൈറ്റ് ഓണാക്കി ഉയര്‍ത്തിപ്പിടിച്ചെങ്കിലും കനത്ത മൂടല്‍ മഞ്ഞില്‍ ആ ചെറിയ വെളിച്ചം കാണുക ശ്രമകരമായിരുന്നു. താന്‍ സംഭവസ്ഥലത്ത് എത്തിയപ്പോള്‍ കണ്ടത് മകന്‍റെ മരണം മൊബൈലില്‍ പകര്‍ത്തുന്ന നാട്ടുകാരെയായിരുന്നെന്നും പിതാവ് പറയുന്നു. ഒരാളും മകനെ രക്ഷിക്കാന്‍ തയാറായില്ല. രക്ഷാദൗത്യത്തിനായി ഒരു ബോട്ടോ മുങ്ങല്‍ വിദഗ്ധരെയോ അങ്ങനെ ഒന്നും തന്നെ ലഭിച്ചിരുന്നില്ലെന്നും പിതാവ് ആരോപിച്ചു. ഒരു കയറെങ്കിലും സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കില്‍ തന്‍റെ മകന്‍റെ ജീവന്‍ തിരികെ പിടിക്കാമായിരുന്നെന്നും രാജ്കുമാര്‍ മേത്ത പറയുന്നു.
മകന്‍റെ മരണം അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് രാജ്കുമാര് മേത്തയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. രണ്ട് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം രക്ഷാദൗത്യം വൈകാന്‍ കാരണം മൂടല്‍ മഞ്ഞാണെന്നും പൊലീസ് വൃത്തങ്ങള്‍ പ്രതികരിച്ചു.