ചക്രങ്ങള്‍ ഘടിപ്പിച്ച പലകള്‍ കൂട്ടിയടിച്ച ചതുരവണ്ടിയില്‍ കൈകള്‍ കൊണ്ട് തുഴഞ്ഞ് നീങ്ങുന്ന നിരവധി യാചകരെ കണ്ടിട്ടില്ലേ. അവരുടെ ബുദ്ധിമുട്ടുകള്‍ ആലോചിച്ച് അവര്‍ക്ക് പണം നല്‍കിയിട്ടില്ലേ. എന്നാല്‍ ഇങ്ങനെ കണ്ട ഒരാള്‍ നമ്മളെക്കാള്‍ സമ്പാദ്യമുള്ള ഒരാളാണെന്ന് തിരിച്ചറിഞ്ഞാലോ. അത്തരത്തിലൊരു സംഭവമാണ് ഇന്‍ഡോറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭിക്ഷാടകരില്ലാത്ത ഇന്‍ഡോര്‍ പദ്ധതിയുടെ ഭാഗമായി ഒരു വയോധികനായ യാചകനെ പുനരധിവസിപ്പിച്ചതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പുനരധിവാസ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരോടാണ് മന്‍കിലാല്‍ എന്ന യാചകന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വര്‍ഷങ്ങളായുള്ള ഭിക്ഷാടനത്തിലുടെ മന്‍കിലാല്‍ സമ്പാദിച്ചത് കോടികളാണ്. മധ്യപ്രദേശിലെ ഭഗത്സിങ് നഗറില്‍ മൂന്ന് നിലയുള്ള വീടും ശിവ് നഗറില്‍ ഒരു വീടും ഫ്ലാറ്റുമുണ്ട് ഇയാള്‍ക്ക്. കൂടാതെ മൂന്ന് ഓട്ടോറിക്ഷകള്‍ വാടകയ്ക്ക് ഓടാനായി നല്‍കിയിട്ടുണ്ട്. ഒപ്പം ഒരു സെഡാന്‍ കാറും അതിനായി ഒരു ഡ്രൈവറും. പണം പലിശക്ക് നല്‍കുന്ന ഇടപാടും മന്‍കിലാലിനുണ്ട്.
മന്‍കിലാലിന്‍റെ ഒരു വീട് ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യം കൈപറ്റി നിര്‍മിച്ചതാണ്. പിഎംവൈ പദ്ധതി പ്രകാരമാണ് ഈ വീട് ലഭിച്ചത്. ഇയാളുടെ സ്വത്തുക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്.