മഹാരാഷ്ട്ര കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൈകിട്ട് അഞ്ചു മണിവരെ 48 ശതമാനം പോളിങ്. സംസ്ഥാനത്തെ 29 കോർപ്പറേഷനുകളിലെ 2869 വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിന് ശേഷം വിരലിലെ മഷി നീക്കം ചെയ്യാനാകുമെന്ന് ആരോപിച്ച് ശിവസേനയും ആം ആദ്മി പാർട്ടിയും കോൺഗ്രസും രംഗത്തുവന്നു.
ഹൈവോൾട്ടേജ് മത്സരം നടന്ന ബോംബെ കോർപ്പറേഷൻ തന്നെയായിരുന്നു തിരഞ്ഞെടുപ്പ് ദിനത്തിലും ശ്രദ്ധകേന്ദ്രം. രാഷ്ട്രീയത്തിലെ പിടിച്ചുനിൽപ്പിനായി പോരാട്ടം നടത്തുന്ന താക്കറെ സഹോദരന്മാരുടെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയാണ് മുഖ്യ എതിരാളി.
തിരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറിൽ വോട്ട് ചോരി ആരോപണമായി ശിവസേനയും കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തുവന്നു. വോട്ടെടുപ്പിന് ശേഷം വിരലിലെ മഷി നീക്കം ചെയ്യുന്ന വീഡിയോ ആം ആദ്മി പുറത്തുവിട്ടു. എന്നാൽ ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ രംഗത്തുവന്നു. തന്റെ കയ്യിലെ മഷി നീക്കം ചെയ്യാൻ ആകുന്നില്ലെന്നും മാധ്യമങ്ങൾക്ക് മുന്നിൽ ഫഡ്നാവിസ് പറഞ്ഞു.
നവീ മുംബൈയിൽ സംസ്ഥാന മന്ത്രിയായ ഗണേഷ് നായകിന് പോളിംഗ് സ്റ്റേഷൻ കണ്ടെത്താനാകാതെ 3 മണിക്കൂർ കാത്ത് നിന്നതും വിവാദമായി. തിരഞ്ഞെടുപ്പിന്‍റെ ചുമതയുള്ള ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചുവെക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്ഗരി പിയൂഷ് ഗോയൽ, ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ബോളിവുഡ് താരങ്ങളായി ആക്ഷയ് കുമാർ, അമീർ ഖാൻ ഉൾപ്പെടെയുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തി. 29 മലയാളികളും ജനവിധി തേടുന്നുണ്ട്.