Image Credit: X/Mumbai News
ബിഎംസി തിരഞ്ഞെടുപ്പിനിടെ വോട്ട് രേഖപ്പെടുത്താനെത്തിയ ബിജെപി എംപിയും നടിയുമായ ഹേമ മാലിനിയോട് കയര്‍ത്ത് വയോധികന്‍. മുംബൈയിലെ ഒരു പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുതിർന്ന പൗരൻ ഹേമ മാലിനിയോട് ദേഷ്യപ്പെട്ട് സംസാരിച്ചത്. വോട്ട് ചെയ്യാനായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നതാണ് വയോധികനെ ചൊടിപ്പിച്ചത്.
കഴിഞ്ഞ 60 വർഷമായി ഇവിടെ വോട്ട് ചെയ്യുന്ന തനിക്ക് ഇതാദ്യമായാണ് ഇത്രയും മോശം അനുഭവം ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 7:30 മുതൽ 9:30 വരെ രണ്ട് മണിക്കൂറോളം ക്യൂ നിൽക്കേണ്ടി വന്നു. ഉത്തരവാദിത്തമുള്ള ആരുമില്ല. പോളിങ് ബൂത്തിൽ വൻ തിരക്കാണ്. ബിജെപി അംഗമായിട്ടും ഹേമക്ക് വോട്ടര്‍മാര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാനായില്ലെന്നും വയോധികന്‍ കുറ്റപ്പെടുത്തി. വയോധികന്‍ പരാതി പറഞ്ഞപ്പോള്‍ പരിഭ്രാന്തയാകുന്ന ഹേമ മാലിനിയെ വിഡിയോയില്‍ കാണാം. വയോധികന്‍റെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയ ഹേമ മാലിനി ഇയാളെ പറഞ്ഞുമനസിലാക്കാന്‍ ഒപ്പമുള്ളയാളോട് ആവശ്യപ്പെടുകയായിരുന്നു.
സാധാരണക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കുമ്പോള്‍ സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണന നൽകുകയാണെന്നും ആരോപിച്ച് വോട്ടർമാർ പ്രതിഷേധിച്ചു. ഹേമ മാലിനിക്ക് പുറമേ അക്ഷയ് കുമാര്‍, ജോണ്‍ എബ്രഹാം, ട്വിങ്കിള്‍ ഖന്ന, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സുനില്‍ ഷെട്ടി, ജുനൈദ് ഖാന്‍ എന്നീ പ്രമുഖരും വോട്ട് ചെയ്യാനെത്തി.